രണ്ട് പ്രളയത്തിന്റെ തിക്താനുഭവങ്ങളുടെ മുന്‍കരുതലായി അഴിയൂരിന്റെ തീരാദുരിതം മഴക്കാലത്തിന് മുമ്പ് തീര്‍ക്കാന്‍ ദ്രുതഗതിയില്‍ ഇടപെട്ട് പഞ്ചായത്ത് റവന്യു അധികാരികള്‍. മാഹി ബൈ പാസ് നിര്‍മാണത്തിന്റെ ഭാഗമായി മാഹി പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന പാലം പ്രവര്‍ത്തിയുടെ ഭാഗമായി മാഹി പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തി ഇ.കെ.കെ കമ്പനി നിര്‍മ്മിച്ച ബണ്ടുകള്‍ പൊളിച്ചു നീക്കാന്‍ ധ്രുതഗതിയിലുള്ള ഇടപെടലാണ് പഞ്ചായത്ത് റവന്യു അധികാരികളില്‍ നിന്ന് ഉണ്ടാകുന്നത്.
കഴിഞ്ഞ രണ്ടു പ്രളയത്തിന്റെ തിക്താനുഭവത്തില്‍ അഴിയൂരിനെ കൂടാതെ ഏറാമല, എടച്ചേരി, ന്യൂമാഹി, ചൊക്ലി എന്നീ പ്രദേശങ്ങളെ ബുദ്ധിമുട്ടിലാക്കിയ മഹാ പ്രളയത്തിന്റെ മുഖ്യ ഹേതുവായ പുഴയിലെ ബണ്ട് കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം പൊളിച്ചു മാറ്റിയിരുന്നു. എന്നാല്‍ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് അസംസ്കൃത വസ്തുക്കള്‍ കൊണ്ടു പോകുന്നതിന് വാഹന ഗതാഗതത്തിനായി പുഴയില്‍ വീണ്ടും താല്‍ക്കാലിക റോഡ് നിര്‍മ്മിച്ചു.
ഇത് കാരണം 126 മീറ്റര്‍ നീളത്തില്‍ പുഴ നികത്തിയിട്ടുണ്ട്. 42 മീറ്റര്‍ നീളത്തിലും 5 മീറ്റര്‍ വീതിയിലും ഒരു ഇരുമ്പു പാലവും എട്ടര മീറ്റര്‍ വീതിയില്‍ മറ്റൊരു ഇരുമ്പുപാലവും നിര്‍മ്മിച്ചിട്ടുണ്ട്. എങ്കിലും സുഗമമായ വെള്ളം ഒഴുക്കിന് പര്യാപ്തമല്ല. പുഴയുടെ ആകെ 176 മീറ്ററില്‍ 50 മീറ്ററില്‍ മാത്രമാണ് വെള്ളം ഒഴുകിപ്പോകാന്‍ സാധിക്കുന്നുള്ളൂ.
മഴ ക്രമാതീതമായി പെയ്താല്‍ അടുത്ത പ്രദേശങ്ങളില്‍ വെള്ളം കയറുന്ന അവസ്ഥ ഉണ്ടാകും. ഈ കാര്യത്തില്‍ വില്ലേജ് ഓഫീസര്‍ സ്പെഷ്യല്‍ റിപ്പോര്‍ട്ട് തയ്യാറാക്കി കളക്ടര്‍ക്ക് സമര്‍പ്പിച്ചു. ഇതിനെ തുടര്‍ന്ന് വടകര തഹസില്‍ദാര്‍ എന്‍. മോഹനന് കക്കടവ് സൈറ്റ് പരിശോധിച്ചു. ഉദ്യോഗസ്ഥരും ഇ.കെ.കെ കമ്പനി മാനേജര്‍ ടി.സുരേഷ്, സൂപ്പര്‍വൈസര്‍ എംഷാരോണ് എന്നിവരുമായി സംസാരിച്ചു. തുടര്‍ന്ന് മെയ് 31നകം പൂര്‍ണമായും ബണ്ട് പൊളിച്ചു മാറ്റുമെന്ന് കമ്പനി അധികൃതര്‍ ഉറപ്പു നല്കി. ഇത് സംബന്ധിച്ച് പഞ്ചായത്ത് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്കി.

