മമ്മൂട്ടിക്ക് വേണ്ടി കണ്ണൂര്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വഴിപാട്. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകും അഖില ഭാരതീയ സമ്പര്‍ക്ക ടീം അംഗവും, മമ്മൂട്ടിയുടെ സുഹൃത്തുമായ എ.ജയകുമാറാണ് മമ്മൂട്ടിയുടെ ആയുരാരോഗ്യസൗഖ്യത്തിനായി പൊന്നിന്‍കുടം വഴിപാട് നടത്തിയത്. ഉത്രം നക്ഷത്രത്തില്‍ ആയിരുന്നു വഴിപാട്. എ.ജയകുമാറിനെ ക്ഷേത്രം ഭാരവാഹികള്‍ ക്ഷേത്രത്തിലെ ആരാധാനാ മൂര്‍ത്തിയായ രാജരാജേശ്വരന്റെ ഫോട്ടോ നല്കി സ്വീകരിച്ചു.എട്ടുമാസത്തെ ഇടവേളയ്ക്കുശേഷം മെഗാസ്റ്റാർ മമ്മൂട്ടി ഇന്നലെ കേരളത്തിൽ തിരിച്ചെത്തിയിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ താരത്തെ സ്വീകരിക്കാൻ മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം ഭാര്യ സുൽഫത്തിനോടൊപ്പം കൊച്ചിയിലെത്തിയത്.കഴിഞ്ഞ മാർച്ചുവരെ മമ്മൂട്ടി കേരളത്തിലുണ്ടായിരുന്നു. പിന്നീട് ചികിത്സയ്ക്കായി ചെന്നൈയിലായിരുന്നു. അവിടെ നിന്ന് പുതിയ ചിത്രം പാട്രിയോറ്റിന്റെ ചിത്രീകരണത്തിനായി ഹൈദരാബാദിലേക്കും ലണ്ടനിലേക്കും പോയി. വിമാനത്താവളത്തിൽ മമ്മൂട്ടിക്കായി വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്. നിറയെ ആരാധകരും അദ്ദേഹത്തെ കാണാനായി എത്തിയിരുന്നു. സ്വന്തം ലാൻഡ് ക്രൂയിസറിൽ ഡ്രൈവ് ചെയ്താണ് മമ്മൂട്ടി വിമാനത്താവളത്തിന് പുറത്തേക്ക് പോയത്. വരുന്ന ദിവസങ്ങളിൽ നിരവധി പരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരം.

