വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല മേഖലകിളിലുണ്ടായ ഉരുൾപൊട്ടലിൽ പ്രതികരണവുമായി മാധവ് ഗാഡ്ഗിൽ.വനമേഖലയിലെ കൈയേറ്റവും അനധികൃത കെട്ടിട നിർമാണവും പ്രകൃതിചൂഷണവുമെല്ലാം ഈ ദുരന്തത്തിനു പിന്നിലുണ്ട്. ഈ ദാരുണസംഭവത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിലും ദേശീയമാധ്യമങ്ങളിലും പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റെ വാക്കുകൾ ചർച്ചയാവുകയാണ്.
മേപ്പാടി മേഖലയിലെ ഉരുൾപൊട്ടൽ സാധ്യത നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണെന്ന് മാധവ് ഗാഡ്ഗിൽ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ തന്റെ വാക്കുകൾ ജനങ്ങൾ ഏറ്റെടുക്കുന്നത് സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിൽ പ്രതീക്ഷയില്ലെന്നും ജനകീയ മുന്നേറ്റമാണ് പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമെന്ന് മാധവ് ഗാഡ്ഗിൽ വ്യക്തമാക്കി.
‘പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്കു തന്നെ മനസ്സിലാകും.’– 2013ൽ മാധവ് ഗാഡ്ഗിൽ പങ്കുവച്ച ഈ ആശങ്കയാണു സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ സമിതി അതിൻ്റെ റിപ്പോർട്ടിൽ പശ്ചിമഘട്ടത്തിലുടനീളമുള്ള പരിസ്ഥിതിലോല പ്രദേശങ്ങളും മേഖലകളും തരംതിരിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇന്നും ഇത് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.


