ലേബർ കമ്മീഷണറായി പ്രണബ്ജ്യോതി നാഥ് ഐ.എ.എസ്. ചുമതലയേറ്റു. അസം സ്വദേശിയായ ഇദ്ദേഹം 2005 ബാച്ച് കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്.
കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി സിവിൽ സർവീസ് ജീവിതം ആരംഭിച്ച പ്രണബ് ജ്യോതിനാഥ് തിരുവല്ല, ദേവികുളം സബ് കളക്ടർ, ഭൂമികേരളം പ്രൊജക്ട് ഡയറക്ടർ, ജലനിധി എക്സിക്യൂട്ടിവ് ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ കളക്ടർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. ഒഡിഷയിൽ എൻ.ആർ.എൽ.എം.(നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷൻ) ഡയറക്ടർ, വ്യവസായ വകുപ്പ് ഡയറക്ടർ, എംപ്ലോയ്മെന്റ് ഡയറക്ടർ എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
ഏഴു ഭാഷകൾ ഹൃദിസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം മികച്ച സംഗീതജ്ഞനുമാണ്. ‘സൺ ബിഹൈൻഡ് ദ ബാംബൂ ജംഗിൾ’ എന്ന പേരിൽ കവിതാ സമാഹാരം പുറത്തിറക്കിയിട്ടുള്ള ഇദ്ദേഹത്തിന്റേതായി ആസാമീസ് ഭാഷയിൽ രണ്ട് സംഗീത ആൽബങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ഒഡിഷ അഡ്മിനിസ്ട്രേറ്റിവ് സർവീസ് ഓഫിസറായ മമതാറാണി നായിക്കാണ് ഭാര്യ. മകൻ ഉദിത് ആദിത്യ.


