തിരുവനന്തപുരം: ക്രിസ്മസ്-ന്യൂഇയര്‍ ബമ്ബര്‍ ഭാഗ്യക്കുറി വില്‍പ്പന ഇന്നു മുതല്‍ ആരംഭിക്കും. 12 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ഭാഗ്യക്കുറിയുടെ വില 300 രൂപയാണ്. പത്തുപേര്‍ക്ക് 50 ലക്ഷംരൂപ വീതമാണ് രണ്ടാം സമ്മാനം. പത്തുലക്ഷം രൂപ വീതം പത്തുപേര്‍ക്ക് മൂന്നാംസമ്മാനം ലഭിക്കും. കോടിക്കണക്കിന് രൂപയുടെ മറ്റ് സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മന്ത്രി തോമസ് ഐസക് ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് പി ആര് ജയപ്രകാശിന് നല്‍കികൊണ്ട് ബമ്ബര്‍ പ്രകാശനം ചെയ്യും.
കഴിഞ്ഞ ഓണത്തിനാണ് ആദ്യമായി 12 കോടിരൂപ ഒന്നാം സമ്മാനം പ്രഖ്യാപിച്ച് ബമ്ബര്‍ ലോട്ടറി വിറ്റത്. മുന്‍വര്‍ഷം ആറ് കോടിയായിരുന്നു ഒന്നാം സമ്മാനം. 46 ലക്ഷം ടിക്കറ്റുകളാണ് ഓണത്തിന് അച്ചടിച്ചത്. 90 ലക്ഷം ടിക്കറ്റുകളാണ് പരമാവധി അച്ചടിക്കാവുന്നതെങ്കിലും വില്‍പ്പനയനുസരിച്ച് ഘട്ടം ഘട്ടമായി ആയിരിക്കും ടിക്കറ്റുകള്‍ അച്ചടിക്കുക. 10 സീരീസുകളിലായി 20 ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ അച്ചടിക്കുക.ലോട്ടറി ടിക്കറ്റില്‍ ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്താനുള്ള പുതിയ തീരുമാനം ജനുവരിമുതലേ നിലവില്‍വരൂ.


