മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. മൂന്ന്, നാല് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. രണ്ട് ഷട്ടറുകളില്‍ നിന്നായി സെക്കന്‍ഡില്‍ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 138.70 അടിയാണ്. ഇത് 138 അടിയിലേക്ക് നിജപ്പെടുത്തുകയാണ് ലക്ഷ്യം. 2018 ന് ശേഷം ആദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നത്.
ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 60 സെന്റീ മീറ്ററോളമാണ് ജലനിരപ്പ് ഉയരുക. വള്ളക്കടവിലാണ് ആദ്യം വെള്ളമെത്തുക. 20- 30 മിനിറ്റിനുള്ളില്‍ വെള്ളം വള്ളക്കടവിലെത്തും.
അതേസമയം മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ. രാജനും തേക്കടിയില്‍ നിന്നു ബോട്ടില്‍ മുല്ലപ്പെരിയാറിലെത്തി. കേരളം സുസജ്ജമെന്നും മുല്ലപ്പെരിയാര്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്നും ഇരുവരും അറിയിച്ചു. മാത്രമല്ല അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 350 കുടുംബങ്ങളിലായി 1079 പേരെ മാറ്റി വീടുകളില്‍ നിന്ന് മാറ്റിയിരുന്നു.


