തിരുവനന്തപുരം: ലാവ്ലിന് കേസിലെ ഏഴാം പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയന് അതില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി ബി.ജെ.പി യുടെ സഹായം തേടുകയാണെന്നും ഗവര്‍ണര്‍ വഴി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഗവര്‍ണര്‍ അതിനുള്ള പാലമാണെന്നാണ് നിയമസഭയില്‍ നടന്ന നാടകം തെളിയിക്കുന്നത്. അടുത്ത ആഴ്ച ലാവ്ലിന് കേസ് സുപ്രിം കോടതി എടുക്കാന്‍ പോവുകയാണ്. അപ്പോള്‍ നരേന്ദ്രമോദിയുടെ സഹാനുഭൂതി നേടാനാണ് പിണറായി വിജയന് ഈ നാടകം കളിക്കുന്നത്. നിയമസഭയില്‍ നയപ്രഖ്യാപനം ബഹിഷ്ക്കരിച്ച ശേഷം സഭക്ക് പുറത്ത് വന്ന പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മുഖ്യമന്ത്രിയും ഗവര്‍ണറും ഭായി ഭായിമാരാണെന്ന് തെളിഞ്ഞിരിക്കുന്നു. ഗവര്‍ണ്ണറും സര്‍ക്കാരും തമ്മിലുള്ള അന്തര്‍ധാര വ്യക്തമായിരിക്കുകയാണ്. നയപ്രഖ്യാപനത്തിലെ പതിനെട്ടാമത്തെ ഖണ്ഡിക വായിക്കില്ലന്നു പറഞ്ഞ ഗവര്‍ണ്ണര്‍ നിയമസഭ സഭയിലെത്തിയതോടെ നിലപാട് മാറ്റുകയായിരുന്നു. ഇതില്‍ നിന്ന് തന്നെ ഇതിന് പിന്നിലെ കൂട്ടുകച്ചവടം വ്യക്തമാണ്. തനിക്ക് വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രി കാല് പിടിച്ചത് കൊണ്ടാണ് പൗരത്വ നിയമത്തിനെതിരെ നയപ്രഖ്യാപനത്തിലുള്ള പതിനെട്ടാം ഖണ്ഡിക താന്‍ വായിക്കുന്നതെന്നാണ് ഗവര്‍ണ്ണര്‍ പറഞ്ഞത്.
ഗവര്‍ണ്ണറെ പിന്‍വലിക്കണമെന്നാവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താന്‍ കൊണ്ടുവരുന്ന പ്രമേയത്തെ അനുകൂലിക്കുകയാണ് അന്തസുണ്ടെങ്കില്‍ മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്. ഇന്നത്തെ നാടകം അപമാനകരമാണ്. വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ച് പ്രതിപക്ഷ സാമാജികരെ മര്ദ്ധിച്ചൊതുക്കിയാണ് ഗവര്‍ണ്ണറെ നിയമസഭക്കകത്തേക്ക് കൊണ്ടുപോയത്. ഇതില്‍ തങ്ങള്‍ ശക്തിയായി പ്രതിഷേധിക്കുന്നു. പ്രതിഷേധം കൂടുതല്‍ ശക്തമായി തുടരും. ഈ ഗവര്‍ണ്ണര്‍ ആര് എസ് എസിന്റെ ഏജന്റാണ്. അമിത്ഷായുടെ ഏജന്റാണ്. ഫെഡറിലിസത്തെ തകര്‍ക്കാനും സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താനുമുള്ള ആര് എസ് എസ് നയം നടപ്പാക്കുകയാണ് ഗവര്‍ണ്ണര്‍ ചെയ്യുന്നത്. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കേണ്ട ഗതികേട് പ്രതിപക്ഷത്തിനില്ല. കേരള നിയമസഭയെ അപമാനിച്ചതിന് മാപ്പ് പറയാതെ ഗവര്‍ണ്ണറുടെ പ്രസംഗം കേട്ടിരുന്നിട്ട് എന്താണ് കാര്യം.
മുഖ്യമന്ത്രി തന്റെ ഒരു പ്രസംഗത്തില്‍ പോലും നരേന്ദ്രമോദിയുടെയും, അമിത്ഷായുടെയും പേര് പറഞ്ഞിട്ടില്ല. ഇവര്‍ തമ്മിലുള്ള അന്തര്‍ധാര വളരെ ആഴത്തിലുള്ളതാണെന്ന് പറയുന്നതും അത് കൊണ്ടാണ്. തനിക്ക് എതിര്‍പ്പുണ്ടെങ്കിലും മുഖ്യമന്ത്രി കാല് പിടിച്ചത് കൊണ്ട് നയപ്രഖ്യാപനത്തിലെ പൗരത്വ നിയമത്തിനെതിരെയുള്ള ഖണ്ഡിക വായിക്കുന്നതെന്ന് ഗവര്‍ണ്ണര്‍ പറയുമ്പോള്‍ എന്ത് നാണംകെട്ട നാടകമാണ് ഇവിടെ നടക്കുന്നതെന്ന് വ്യക്തമാവുകയാണ്. ഗവര്‍ണ്ണറുടെ കാല് പിടിക്കേണ്ട ഗതികേട് മുഖ്യമന്ത്രിക്കുണ്ടായി എന്നതില്‍ ഞാന്‍ പരിതപിക്കുന്നു. ചങ്ങല പിടിച്ചിട്ട് മുഖ്യമന്ത്രി നേരേ പോയത് ഗവര്‍ണ്ണറുടെ അടുത്താണ്. ഈ നാടകം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നു മുഖ്യമന്ത്രി തിരിച്ചറിയണം.
ജനാധിപത്യപരമായി പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെയാണ് വാച്ച് വാര്‍ഡിനെ ഉപയോഗിച്ച് മര്‍ദ്ദിച്ചത്. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ച് ചവിട്ട് മെതിച്ചത് ധിക്കാരമാണ്. വാച്ച് ആന്റ് വാര്‍ഡിനെ മര്‍ദ്ദിച്ച സംഭവം മുന്‍പ് നിയമസഭയില്‍ ഉണ്ടായിട്ടുണ്ട്. സ്പീക്കറെ തടഞ്ഞിട്ടുമുണ്ട്. ഞങ്ങള്‍ അതൊന്നും ചെയ്തിട്ടില്ല. ജനാധിപത്യപരമായി പ്രതിഷേധിക്കുകയാണ് ചെയ്തത്. വാച്ച് ആന്റ് വാര്‍ഡിനെ സഭയില്‍ വിളിക്കേണ്ടെന്ന് തിരുമാനിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ പാരമ്പര്യം ഇവര്‍ കളഞ്ഞ് കുളിച്ചു.
ഗവര്‍ണ്ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം വാസ്തവത്തില്‍ മുഖ്യമന്ത്രിയാണ് അവതരിപ്പിക്കേണ്ടിയിരുന്നത്. കേരള നിയമസഭയെയും കേരളത്തിലെ ജനങ്ങളെയും അപമാനിച്ച ഗവര്‍ണ്ണര്‍ക്കെതിരെ മുഖ്യമന്ത്രി ഒരക്ഷരം പറയാത്തതെന്താണ്? ഇവര്‍ തമ്മിലുള്ള കൂട്ടുകച്ചവടം കൊണ്ടാണെന്ന് ഇതില്‍ നിന്ന് വ്യക്തമായിരിക്കുകയാണ്.
പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ യാതൊരു ആത്മാര്‍ത്ഥയും കേരള മുഖ്യമന്ത്രിക്കില്ല. ഈ ഗവര്‍ണ്ണറെ തിരിച്ച് വിളിക്കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലെ ജനങ്ങളെ ഒറ്റക്കെട്ടായി സമരം നടത്തുമ്പോള്‍ അതിനെ പരിഹസിക്കുന്ന ഗവര്‍ണ്ണറുമായി കൂട്ടുകച്ചവടം നടത്തുന്നത് ജനാധിപത്യത്തെ അപമാനിക്കലാണ്. വഴി നീളെ പത്രസമ്മേളനം നടത്തി നിയമസഭയെ അവഹേളിക്കുന്നതാണോ ഗവര്‍ണ്ണറുടെ അന്തസ്? ഗവര്‍ണ്ണര്‍ പദവി വേണ്ടാ എന്ന് പറഞ്ഞ സീതാറാം യെച്ചുരി ഇപ്പോള്‍ കേരളത്തിലുണ്ട്. അദ്ദേഹം ഇതില്‍ മറുപടി പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


