വയനാട്: കുഴിനിലം ചെക്ക്ഡാമിനു സമീപം സ്കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍.
വിമലനഗര്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പി.വി. ബാബു (38), കുഴിനിലം കോട്ടായില്‍ വീട്ടില്‍ കെ.ജെ. ജോബി (39) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.ഇവര്‍ അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് മീന്‍പിടിക്കാന്‍ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയത്. ജി.കെ.എം. ഹയര്‍ സക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കുഴിനിലം അടുവാന്‍കുന്ന് കോളനിയിലെ അഭിജിത്ത് (14) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കാനായി വെള്ളത്തിലേക്കിട്ടിരുന്ന വയറില്‍ ഘടിപ്പിച്ച മൊട്ടുസൂചിയില്‍ പിടിച്ചാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്.സംഭവത്തില്‍ ചൊവ്വാഴ്ച തന്നെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് മാനന്തവാടി പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവത്തില്‍ ജോബിയുടെയും ബാബുവിന്റെയും പങ്ക് വ്യക്തമായത്.
മാനന്തവാടി സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.


