കൊച്ചി: വ്യവസായ മേഖലയില്‍ വിപ്ലവാത്മകമായ അനവധി പദ്ധതികള്‍ക്കാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷം കേരളം സാക്ഷ്യം വഹിച്ചത്. ഇപ്പോഴിതാ നാളെയുടെ അത്ഭുത പദാര്‍ത്ഥം എന്നറിയപ്പെടുന്ന ഗ്രാഫീന് അധിഷ്ഠിത വ്യവസായത്തിന് കൂടി തുടക്കമിടുകയാണ് സംസ്ഥാനം. കൊച്ചി കളമശേരിയിലെ കിന്‍ഫ്ര പാര്‍ക്കില്‍ ഗ്രാഫീന് ഇന്നൊവേഷന് സെന്റര്‍ പ്രവര്‍ത്തനത്തിന് ഒരുങ്ങിവരുകയാണ്. ഇത് ഇന്ത്യയില്‍ തന്നെ ആദ്യ സംരംഭം എന്നത് കൂടാതെ വ്യവസായ മേഖലയിലെ കേരള മോഡലിന് വീണ്ടുമൊരു തിലകമാകും.
ഗ്രാഫീന് എന്ന അത്ഭുതം!
അത്ഭുത വസ്തു, നാളെയുടെ പദാര്‍ത്ഥം എന്നൊക്കെ വിളിക്കപ്പെടുന്ന പദാര്‍ത്ഥമാണ് ഗ്രാഫീന്. ഇതിന്റെ അസാധാരണമായ ഗുണങ്ങളാണ് ഇത്തരം വിശേഷണങ്ങള്‍ക്ക് കാരണം. 2004-ല്‍ ഡച്ച് – ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ആന്ദ്രേ ജെയിം, റഷ്യന്‍ – ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ കോണ്സ്റ്റാന്റിന് നോവോസെലോവ് എന്നിവര്‍ ചേര്‍ന്നാണ് ഗ്രാഫീന് കണ്ടെത്തിയത്. ഗ്രാഫീനുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ക്ക് 2010-ലെ ഇരുവര്‍ക്കും ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചിരുന്നു.
സ്റ്റീലിനെക്കാള്‍ 200 മടങ്ങ് ശക്തിയും ചെമ്പിനേക്കാള്‍ മികച്ച വൈദ്യുത ചാലകശേഷിയുമുള്ള ഗ്രാഫീന് വജ്രത്തേക്കാള്‍ കൂടുതല്‍ കടുപ്പവും താപചാലകശേഷിയുമുണ്ട്. അതേസമയം വളരെ കനം കുറഞ്ഞതും വഴക്കമുള്ളതുമാണ്. കാര്‍ബണ്‍ ആറ്റങ്ങള്‍ ചേര്‍ന്ന് ഒരൊറ്റ പാളിയായി രൂപംകൊള്ളുന്ന ഗ്രാഫീന്റെ ഘടന തേനീച്ചയുടെ അറകള്‍ക്ക് സമാനമാണ്. ഇത്തരത്തിലുള്ള ഗുണങ്ങള്‍ കാരണം ഇലക്ട്രോണിക്സ്, ഊര്‍ജ്ജം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളില്‍ സമീപഭാവിയില്‍ വിപ്ലവം സൃഷ്ടിക്കും.
ഗ്രഫീന്‍ സെന്ററിലെ ക്ലീന്‍ റൂം സംവിധാനങ്ങളുടെ നിര്‍മ്മാണം ത്വരിത ഗതിയില്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം നവംബര്‍ മാസത്തോടുകൂടി പണി തീരും എന്നാണ് കരുതുന്നത്. ഗ്രഫീന്‍ സെന്റര്‍ മെറ്റീരിയല്‍സിന്റെയും ഉപകരണങ്ങളുടെയും വികസനത്തിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, പദ്ധതിയുടെ ചീഫ് ഇന്വെസ്റിഗേറ്ററായ പ്രൊഫ. അലക്സ് ജെയിംസ് പറഞ്ഞു.
അനന്തമായ സാധ്യതകള്‍
ഗ്രാഫീന് ഉപയോഗിച്ച് വേഗമേറിയതും കാര്യക്ഷമവുമായ കംപ്യൂട്ടര്‍ ചിപ്പുകള്‍ ഉണ്ടാക്കാന്‍ കഴിയും. നിലവില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കാലം ഈടുനില്‍ക്കുന്നതും വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്നതുമായ ബാറ്ററികള്‍ നിര്‍മ്മിക്കാം. ഗ്രാഫീന് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ടച്ച്സ്ക്രീനുകള്‍ കൂടുതല്‍ ഈട് നില്ക്കും. രാസവസ്തുക്കളെയും വാതകങ്ങളെയും തിരിച്ചറിയാന്‍ സഹായിക്കുന്ന സെന്‍സറുകള്‍ നിര്‍മ്മിക്കാനാകും. ജലം ശുദ്ധീകരിക്കാനും വിഷവാതകങ്ങളെ നീക്കം ചെയ്യാനും ഉപയോഗിക്കുന്ന ഫില്‍റ്ററുകള്‍, ചൂട് നിയന്ത്രിക്കാനും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം നല്‍കാനും സഹായിക്കുന്ന വസ്ത്രങ്ങള്‍, ഭാരം കുറഞ്ഞതും കൂടുതല്‍ ഈടുനില്‍ക്കുന്നതുമായ കാറുകള്‍ തുടങ്ങിയവ നിര്‍മ്മിക്കാനും കഴിയും.
ഇതുപോലെ അനന്തമായ സാധ്യതകളുടെ വാതായനങ്ങളാണ് ഗ്രാഫീന് തുറന്നിടുന്നത്. വിവിധ മേഖലകളില്‍ നിലവില്‍ ഉള്ളതിനേക്കാള്‍ കാര്യക്ഷമവും ചിലവ് കുറഞ്ഞതുമായ ഉപകരണങ്ങളും ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കാന്‍ കഴിയും.
ഗ്രാഫീന് സാങ്കേതിക വിദ്യയിലെ കേരള മോഡല്‍
ഗ്രാഫീനുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെയും വ്യാവസായികമായി ഉത്പാദിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ രാജ്യത്തിന് തന്നെ മാതൃകയാണ് കേരളം. ലോകത്ത് ആദ്യമായി ഗ്രാഫീന് നയം രൂപീകരിച്ച സംസ്ഥാനം എന്ന ഖ്യാതിയും കേരളത്തിന് സ്വന്തമാണ്.
രാജ്യത്തെ ആദ്യത്തെ ഗ്രാഫീന് ഇന്നൊവേഷന് സെന്റര്‍ സ്ഥാപിക്കുന്നത് കൊച്ചിയിലാണ്. ഗ്രാഫീനുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് വന്‍ തുകയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇത് ഭാവിയില്‍ വലിയ തോതിലുള്ള നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് എത്തിക്കാന്‍ വഴിയൊരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
2022-ല്‍ തന്നെ സംസ്ഥാനത്ത് ഗ്രാഫീന് പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. 237 കോടി രൂപ ചെലവില്‍ പി.പി.പി മാതൃകയില്‍ സ്ഥാപിക്കാനായിരുന്നു തീരുമാനം. കേരള ഡിജിറ്റല്‍ സര്‍വ്വകലാശാലക്കാണ് നിര്‍വ്വഹണ ചുമതല നല്‍കിയിരുന്നത്. പ്രമുഖ വ്യവസായ ഗ്രൂപ്പായ മുരുഗപ്പയുടെ കീഴിലുള്ള കൊച്ചിയിലെ കാര്‍ബൊറാണ്ടം യൂണിവേഴ്സല്‍ ആണ് ഗ്രാഫീന് ഉല്പാദനത്തിന് സംസ്ഥാനത്ത് തുടക്കമിട്ടത്.
ഗ്രാഫീന് ഇന്നോവേഷന്‍ സെന്റര്‍
ഇന്ത്യ ഇന്നൊവേഷന് സെന്റര്‍ ഫോര്‍ ഗ്രാഫീന് എന്ന് പേരിട്ടിട്ടുള്ള സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഡിജിറ്റല്‍ സര്‍വ്വകലാശാലയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്സ് ടെക്നോളജിയും ചേര്‍ന്നാണ് ഈ മികവിന്റെ കേന്ദ്രം ആരംഭിക്കുന്നത്. ഇതിന്റെ ആദ്യപടിയായി സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്സ് ടെക്നോളജിയും ടാറ്റ സ്റ്റീലും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
ഇന്ത്യ ഇന്നൊവേഷന് സെന്റര്‍ ഫോര്‍ ഗ്രാഫീന് എന്ന് പേരിട്ടിട്ടുള്ള സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഗ്രാഫീന്റെ ഭാവി നേരത്തെ തന്നെ മനസിലാക്കിയായിരുന്നു സെന്റര്‍ നിര്‍മ്മിക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.
2023 ഒക്ടോബറിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ ഗ്രഫീന്‍ പ്രൊഡക്ഷന്‍ ഫെസിലിറ്റി സെന്റര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. കിന്ഫ്രക്കായിരുന്നു നിര്‍മ്മാണ ചുമതല. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം പൂര്‍ത്തിയാക്കി ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക് കൈമാറി. നാല് നിലകളിലായി 60,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. 10,000 ചതുരശ്രയടി വരുന്ന ക്ലീന്‍ റൂമും അത്രതന്നെ വലിപ്പമുള്ള ഇന്‍കുബേഷന്‍ സെന്ററും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവിടെ ഉണ്ടാകും. നിലവില്‍ ലോകത്തില്‍ വിരലിലെണ്ണാവുന്ന ഗ്രഫീന്‍ പാര്‍ക്കുകള്‍ മാത്രമേയുള്ളൂ.
ഗ്രാഫീന് അറോറ
ഗ്രഫീന്‍ ഉള്‍പ്പെടെയുള്ള മെറ്റീരിയല്‍ സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗ്രാഫീന് അറോറ എന്ന പദ്ധതി.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേന്ദ്ര ഇലക്ട്രോണിക്സ്, വിവര സാങ്കേതികവിദ്യയും മന്ത്രാലയത്തിന്റെയും വ്യവസായ പങ്കാളികളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി മുഖേനയാണ് നടപ്പാക്കുന്നത്.
94.85 കോടി രൂപ ചിലവില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ 47.22 കോടി രൂപയും കേന്ദ്ര ഇലക്ട്രോണിക്സ് വിവര സാങ്കേതികവിദ്യാ മന്ത്രാലയം 37.63 കോടി രൂപയും വ്യവസായ പങ്കാളികള്‍ 10 കോടി രൂപയും ചിലവഴിക്കും. ഗ്രാഫീന് സാങ്കേതികവിദ്യയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
മാതൃകയായി ഗ്രാഫീന് നയം
ലോകത്ത് ആദ്യമായി ഗ്രാഫീന് നയം രൂപീകരിച്ച സംസ്ഥാനമാണ് കേരളം എന്ന് പറഞ്ഞല്ലോ. സംസ്ഥാനത്തെ ഗ്രാഫീന് നവീനതയുടെയും ഉല്പാദനത്തിന്റെയും മുന്‍നിരയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നയം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഗ്രാഫീന് സാങ്കേതികവിദ്യകളുടെ ഗവേഷണം, വികസനം, വാണിജ്യവല്‍ക്കരണം എന്നിവയ്ക്കായി ശക്തമായ ഒരു ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് നയ രൂപീകരണം.
ആദ്യഘട്ടപ്രവര്ത്തനങ്ങളിലുള്പ്പെട്ട ഗ്രാഫീന് ഇന്നൊവേഷന് സെന്ററും ഗ്രാഫീന് പ്രൊഡക്ഷന്‍ പാര്‍ക്കും സ്ഥാപിക്കുന്നതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യവസായ മേഖലക്കും അടിസ്ഥാന സൗകര്യങ്ങളും പിന്തുണയും ലഭ്യമാക്കുന്നു. ഇത് വിജ്ഞാനം, വ്യവസായം, ഭരണകൂടം എന്നിവയെ യോജിപ്പിച്ചുള്ള നിക്ഷേപവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നു.
പ്രകൃതിവിഭവങ്ങളും നൈപുണ്യവും ഉള്ള തൊഴിലാളികളെ പ്രയോജനപ്പെടുത്തി, കേരളം ഗ്രാഫീന് ആപ്ലിക്കേഷനുകളില്‍ മുന്നേറ്റം നടത്താന്‍ ലക്ഷ്യമിടുന്നു. ഇത് സുസ്ഥിര വ്യാവസായിക വളര്‍ച്ചയ്ക്കും സാമ്പത്തിക വികസനത്തിനും വഴിയൊരുക്കും.
ആഗോള ഭീമന്മാരുമായി സഹകരണം
ഗ്രാഫീനുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലും ഉത്പാദനത്തിലും ലോകത്ത് തന്നെ നേതൃ നിരയിലുള്ള സ്ഥാപനങ്ങളുമായി സഹകരിക്കുകയാണ് കേരളം. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും ഇനിയും കൈവരിക്കാന്‍ കഴിയാത്ത നേട്ടമാണിത്.
2022-ലാണ് ഗ്രാഫീന് മേഖലയിലെ സഹകരണത്തിനായി കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല, മാഞ്ചസ്റ്റര്‍, ഓക്സ്ഫോര്‍ഡ്, എഡിന്‍ബറോ, സൈഗന്‍ എന്നീ സര്‍വ്വകലാശാലകളുമായി മുഖ്യമന്ത്രി പിണറായി വിജയന്റേയും വ്യവസായ മന്തി പി രാജീവിന്റേയും സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പുവെച്ചത്. മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നടന്ന ചടങ്ങില്‍ ഗ്രാഫീന് കണ്ടു പിടിച്ചതിന് നോബേല്‍ പുരസ്കാരം ലഭിച്ച ശാസ്ത്രജ്ഞനായ ആന്ദ്രേ ജെയിമും പങ്കെടുത്തിരുന്നു. ഗ്രാഫീന് രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത് ഭാവി വ്യവസായത്തില്‍ കേരളത്തെ മുമ്പിലാക്കുന്നതിന് സഹായിക്കുമെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.
കേരളത്തിന്റെ വികസന കുതിപ്പ്
ഗ്രാഫീന് മേഖലയിലെ കേരളത്തിന്റെ യാത്രയെ കുറിച്ച് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്. ‘പ്രോട്ടോടൈപ്പില്‍ നിന്ന് പൈലറ്റ് പ്രോജക്ടിലേക്കും തുടര്‍ന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്പാദനത്തിലേക്കും ക്രമാനുഗതമായി മുന്നേറുന്ന വിധമായിരിക്കും ഗ്രഫീന്‍ പാതയിലെ കേരള സഞ്ചാരം.’ കൈയ്യും മെയ്യും മറന്ന് സംസ്ഥാന സര്‍ക്കാര്‍ ഒപ്പമുള്ളപ്പോള്‍ ആ യാത്ര സുസ്ഥിരമാകുമെന്ന കാര്യത്തില്‍ സംശയമില്ല. അത് ഗ്രാഫീനില്‍ മറ്റൊരു കേരള മാതൃക ഉയര്‍ത്തുമെന്ന് ഉറപ്പാണ്.