പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് 162വോട്ടുകള്‍ക്ക് മുന്നില്‍. പതിനഞ്ച് ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍, 4,263 വോട്ടുകളാണ് മാണി സി കാപ്പന് നേടിരിക്കുന്നത്. 4,101 വോട്ടുകളാണ് ജോസ് ടോം പുലികുന്നേല്‍ നേടിയത്. എന്‍ഡിഎയുടെ എന്‍ ഹരിക്ക് 1929വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്.
യുഡിഎഫിന്റെ കോട്ടയായ രാമപുരത്ത് മാണി സി കാപ്പന് ലീഡ് നേടിയത് കേരള കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഞെട്ടലുളവാക്കി. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വ്യക്തമായ ലീഡ് ലഭിച്ചിരുന്ന പഞ്ചായത്തായിരുന്നു രാമപുരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 180വോട്ടുകുടെ ഭൂരിപക്ഷമാണ് കെഎം മാണി ഇവിടെ നേടിയത്. വലിയ മുന്നേറ്റം പ്രതീക്ഷിച്ച പഞ്ചായത്തില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് യുഡിഎഫിനുണ്ടായിരിക്കുന്നത്. കേരള കോണ്‍ഗ്രസും കോണ്‍ഗ്രസുമാണ് രാമപുരത്തെ ഏറ്റവും വലിയ കക്ഷികള്‍. രാമപുരത്ത് ബിജെപിയും എല്‍ഡിഎഫും തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം ആരോപിച്ചു.
പോസ്റ്റല്‍ വോട്ടുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തി. ആറ് വോട്ടുകള്‍ വീതമാണ് എല്‍ഡിഎഫും യുഡിഎഫും നേടിയത്. പതിനഞ്ച് തപാല്‍ വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നെണ്ണം അസാധുവായി. എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. കാര്‍മല്‍ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണല്‍. 176 ബൂത്തുകളിലെ 1,27,939 വോട്ടുകള്‍ 14 റൗണ്ടില്‍ എണ്ണും.


