‘മുഖ്യമന്ത്രിയുടെ സഹായഹസ്തം’ വായ്പാ പദ്ധതിയില്‍ സംസ്ഥാനത്ത് കുടുംബശ്രീ വഴി ഇതുവരെ 1429.46 കോടി രൂപ വിതരണം ചെയ്തു. ലോക്ക് ഡൗണില്‍ വരുമാനം നിലച്ച കുടുംബങ്ങളിലെ കുടുംബശ്രീ അംഗങ്ങള്‍ക്കാണ് പരമാവധി 20,000 രൂപവരെ വായ്പ സഹായം നല്‍കിയത്. 1,57,179 അയല്‍ക്കൂട്ടങ്ങളിലെ 18,33,433 അംഗങ്ങള്‍ക്ക് തുക ലഭിച്ചു.
2,16,169 അയല്‍ക്കൂട്ടങ്ങളിലെ 25,85,680 അംഗങ്ങള്‍ക്കാണ് വായ്പ നല്‍കുന്നത്. 2000 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 1936.97 കോടി രൂപയാണ് നിലവിലെ അപേക്ഷ പ്രകാരം വായ്പക്ക് ആവശ്യമായി വരുന്നത്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കാണ് ബാങ്കുകള്‍വഴി വായ്പ അനുവദിക്കുന്നത്.
അയല്‍ക്കൂട്ട അംഗത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടിന് ആനുപാതികമായി ഒരംഗത്തിന് പരമാവധി 5000, 10,000, 15,000, 20,000 എന്നിങ്ങനെയാണ് സഹായം. വായ്പക്ക് ആറുമാസം മൊറട്ടോറിയമുണ്ട്. 36 മാസമാണ് തിരിച്ചടവ് കാലാവധി.
ഒമ്പത് ശതമാനം പലിശയാണ് ബാങ്കുകള്‍ ഈടാക്കുന്നത്. സബ്സിഡി സര്‍ക്കാര്‍ പൂര്‍ണമായും കുടുംബശ്രീവഴി അയല്‍ക്കൂട്ടങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും. ബാങ്കുകള്‍ വായ്പ പാസാക്കുന്ന മുറക്ക് ശേഷിക്കുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് കൂടി ഉടന്‍ വായ്പ ലഭിക്കും.

