2018 മണ്‍സൂണിനുശേഷം സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് മലപ്പുറം കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ രൂക്ഷമായ കടലാക്രണത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുണ്ടായ നഷ്ടപരിഹാരം നല്കാന് തീരുമാനിച്ചു. യാനങ്ങല്‍ക്കും ഉപകരണങ്ങള്‍ക്കുമുണ്ടായ പൂര്‍ണ്ണമായ നാശനഷ്ടത്തിന് ആകെ 51.49 ലക്ഷം രൂപയും ഭാഗികമായ നാശനഷ്ടത്തിന് ആകെ 2.4 കോടി രൂപയും ഉള്‍പ്പെടെ 2.92 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതിന് അനുവദിച്ചു.
2003 ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്ത ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
ആര്. സേതുനാഥന്‍ പിള്ളയെ കൊല്ലം ജില്ലാ ഗവ. പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി പുനര്‍നിയമിക്കാന്‍ തീരുമാനിച്ചു.
വിദഗ്ധ ചികിത്സ ലഭിക്കാത്തതിനാല്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിഖില്‍ എന്ന 7 വയസ്സുകാരന് മരണപ്പെട്ടതില്‍ കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു.
കോട്ടയം ജില്ലാ കളക്ടര്‍ ആയി വിരമിച്ച പി.കെ. സുധീര്‍ബാബുവിനെ കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി മാനേജിംഗ് ഡയറക്ടര്‍ ആയി നിയമിക്കാന്‍ തീരുമാനിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ ഭൂരഹിതരായ ഭവനരഹിതര്‍ ലൈഫ് പദ്ധതിക്ക് വാങ്ങുന്ന ഭൂമിയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെ ലൈഫ് പദ്ധതിക്ക് വാങ്ങുന്ന ഭൂമിയുടെയും രജിസ്ട്രേഷന് ആവശ്യമായി വരുന്ന സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന് ഫീസ് എന്നിവ ഒഴിവാക്കാന്‍ തീരുമാനിച്ചു.
കേരള സര്‍ക്കാരിന്റെ കാര്യനിര്‍വ്വഹണ ചട്ടങ്ങളില്‍ സമഗ്രമായ മാറ്റം വരുത്തുന്നതിന് സെക്രട്ടറി തല സമിതി സമര്‍പ്പിച്ച കരട് ചട്ടങ്ങള്‍ പരിശോധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് എ.കെ. ബാലന് ചെയര്‍മാനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, രാമചന്ദ്രന് കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്, കെ. കൃഷ്ണന് കുട്ടി തുടങ്ങിയവര്‍ അംഗങ്ങളാണ്.
വാഹനനികുതി ഒഴിവാക്കും:
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെസ്റ്റേജ് കാര്യേജുകളുടെയും കോണ്‍ട്രാക്ട് കാര്യേജുകളുടെയും 2020 ജൂലൈ 1 ന് ആരംഭിച്ച ക്വാര്‍ട്ടറിലെ വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു.
സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ യാത്രക്കായി ഉപയോഗിക്കുന്ന എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂഷന്‍ ബസുകളുടെ 2020 ഏപ്രില്‍ 1 മുതല്‍ സെപ്തംബര്‍ വരെയുള്ള ആറുമാസത്തെ വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കും.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്നോളജിയിലെ ജീവനക്കാരുടെ നിലവിലുള്ള അലവന്‍സുകള്‍ അനുവദിച്ചും പരിഷ്ക്കരിച്ചും നല്കാന് തീരുമാനിച്ചു.
നിമയനങ്ങള്‍:
അവധികഴിഞ്ഞ് തിരികെ പ്രവേശിച്ച ജാഫര്‍ മാലികിനെ റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പ്പറേഷന് ഓഫ് കേരളാ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം സ്മാര്‍ട്ട് സിറ്റി കൊച്ചി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധികചുമതല കൂടി വഹിക്കും.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മെമ്പര്‍ സെക്രട്ടറിയുമായ വി. രതീശന് നിലവിലുള്ള ചുമതലകള്‍ക്കു പുറമേ കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ ആന്റ് റൂറല്‍ ഡെവലപ്മെന്റ് ബാങ്ക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല കൂടി നല്കി.
കോവിഡ്കാല ധനസഹായമായി സ്കൂള്‍ ഉച്ചഭക്ഷ പാചക തൊഴിലാളികള്‍ക്ക് 1000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയില്‍ നിന്നും അനുവദിക്കുവാന്‍ തീരുമാനിച്ചു.


