തിരുവനന്തപുരം: കൊലപാതകത്തിന് മുമ്പ് അഖില്‍ രാഖിയെ വിവാഹം കഴിച്ചിരുന്നുവെന്ന് പൊലീസിൻ്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഭാര്യാഭര്ത്താക്കന്മാരായി കഴിയുന്നതിനിടെ അഖിലിൻ്റെ മറ്റൊരു വിവാഹത്തിനുള്ള ശ്രമം രാഖി തടഞ്ഞതാണ് കൊലയ്ക്ക് കാരണമായത്. രാഖിയെ കൊലപ്പെടുത്തിയത് അഖിലും സഹോദരന് രാഹുലും ചേര്‍ന്നെന്നും റിപ്പോര്‍ട്ടിലുണ്ട് . രാഹുല്‍ കഴുത്ത് ഞെരിച്ചു ബോധം കെടുത്തിയശേഷം അഖില്‍ കയറുകൊണ്ട് കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. അതേസമയം രണ്ടാം പ്രതി രാഹുല്‍ കീഴടങ്ങിയെന്ന രാഹുലിൻ്റെ അച്ഛൻ്റെ വാദം പൊലീസ് നിഷേധിച്ചു .
രാഖിമോളെ ഫെബ്രുവരി 15ന് ഇരുവരുടെയും വീട്ടുകാരറിയാതെ എറണാകുളത്തുള്ള ക്ഷേത്രത്തില്‍വച്ച് അഖില്‍ താലികെട്ടി. പിന്നീട് ഇയാള്‍ക്ക് അണ്ടൂര്‍കോണത്തുള്ള പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചത് രാഖി അറിഞ്ഞു. ഇതിന് രാഖി തടസം നിന്നു.
പലതരത്തില്‍ ഭീഷണിപ്പെടുത്തി. ഇതില്‍ അഖിലിനും സഹോദരനും സുഹൃത്തായ ആദര്‍ശിനും പകയുണ്ടായിരുന്നു. മെയ് മാസം അവസാനം അഖില്‍ അവധിക്കുവന്നു. ബന്ധം ഉപേക്ഷിക്കാന്‍ തയാറാകാത്ത രാഖിമോളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. വീട്ടില്‍വച്ച് പലദിവസം ഗൂഢാലോചന നടത്തി. ഇതിനുശേഷം വീടിൻ്റെ വടക്കു കിഴക്ക് ഭാഗത്ത് കുഴിയെടുത്തു. ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ ഉപ്പ് ശേഖരിച്ചു.
21ന് രാഖിമോളെ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍നിന്നും അഖില്‍ സുഹൃത്തിൻ്റെ കാറില്‍ പുതുതായി വയ്ക്കുന്ന വീട് കാണിക്കാനെന്ന പേരില്‍ വീട്ടിലെത്തിച്ചു. രാഹുല്‍ രാഖിമോളിരുന്ന സീറ്റിനു പിന്നിലെ സീറ്റിലെക്ക് കയറി. പിന്‍സീറ്റില്‍ ഇരുന്ന് കഴുത്ത് ഞെരിച്ചു. ശബ്ദം കേള്‍ക്കാതിരിക്കാന്‍ അഖില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് ഇരപ്പിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.


