തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി സര്‍വീസിലിരിക്കുന്ന പൊലീസുകാര്‍ക്ക് വധശിക്ഷ ലഭിക്കുമ്പോള്‍ അതിന് ഒരമ്മയുടെ കണ്ണീരിന്റെ വിലയുണ്ട്. വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. ലഭിച്ചു. എങ്കിലും എന്റെ കണ്ണുനീരു തോരില്ലെന്നായിരുന്നു അമ്മയുടെ പ്രതികരണം. ഏകമകനെ പൊലീസുകാര്‍ ഉരുട്ടിക്കൊന്നപ്പോള്‍ ഒറ്റപ്പെട്ടു ഒരമ്മയായി മാത്രമല്ല പ്രഭാവതിയമ്മ ഇനി അറിയപ്പെടുക. കേരളാ പൊലീസിനെതിരെ ശക്തമായ നിലപാട് എടുക്കുകയും ഒടുവില്‍ അതില്‍ വിജയിക്കുകയും ചെയ്ത ഒരു പോരാളി എന്ന നിലയിലായിരിക്കും. നീണ്ട 13 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ആഗ്രഹിച്ച വിധി ലഭിച്ചതെന്നും ഇത്രയും നാള് കേസു നടത്തുന്നതിനും കൂടെ പിന്തുണ നല്‍കിയതിനും മുഴുവന്‍ ആളുകള്‍ക്കും നന്ദി പറയുന്നുവെന്നും വിധി വന്നതിന് ശേഷം പ്രഭാവതിയമ്മ വ്യക്തമാക്കി. ഒരു സാധാരണക്കാരനെ കൊന്നാല്‍ ആരും ചോദിക്കാനും പറയാനും വരില്ലെന്ന പൊലീസിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടി കൂടിയാണ് പ്രഭാവതിയമ്മ നല്‍കിയത്.

