തിരുവനന്തപുരം: 17ാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് 77. 67 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 74.04 ശതമാനമായിരുന്നു പോളിംഗ്.

രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് പലയിടത്തും രാത്രി വരെ നീണ്ടു നിന്നു. രാത്രി വൈകി പോളിംഗ് അവസാനിച്ച ബൂത്തുകളിലെ കണക്കുകള്‍ കൂടി ക്രോഡീകരിച്ചാല്‍ മാത്രമെ അന്തിമ പോളിംഗ് ശതമാനം വ്യക്തമാവുകയുള്ളു. പോളിംഗ് ശതമാനം ഇനിയും ഉയരാനാണ് സാധ്യത.
വോട്ടിംഗ് യന്ത്രങ്ങള്‍ ഒന്നില്‍ കൂടുതല്‍ തവണ പണിമുടക്കിയതോടെയാണ് പലയിടത്തും വോട്ടെടുപ്പ് രാത്രി വരെ നീണ്ടത്. തിരക്കേറിയ ബൂത്തുകളില്‍ വൈകിട്ട് 6 കഴിഞ്ഞതോടെ കാത്തുനിന്നവര്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. ക്യൂവില്‍ നില്‍ക്കുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കുമെന്ന് വ്യക്തമാക്കിയതോടെയാണ് ബഹളം ശമിച്ചത്. വിവിപാറ്റ് യന്ത്രത്തില്‍ വോട്ട് ചെയ്യാന്‍ അധികസമയം വേണ്ടി വന്നതും പോളിംഗ് ഉദ്യോഗസ്ഥരുടെ പരിചയക്കുറവും പലയിടത്തും വോട്ടെടുപ്പ് വൈകുന്നതിന് കാരണമായി.
വോട്ടിംഗ്, വിവിപാറ്റ് യന്ത്രങ്ങളില്‍ ഒരു ശതമാനത്തിനു മാത്രമാണ് തകരാര്‍ ഉണ്ടായിരുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് ടിക്കാറാം മീണ വ്യക്തമാക്കി. ഇടിയും മഴയും യന്ത്രങ്ങളുടെ തകരാറിന് കാരണമാകാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. വോട്ടിംഗ് യന്ത്രങ്ങളില്‍ പലയിടത്തും പിഴവ് ആരോപിച്ചിരുന്നെങ്കിലും എങ്ങും റീ പോളിംഗ് പ്രഖ്യാപിച്ചിട്ടില്ല.
ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ ഇത്തവണ പോളിംഗ് കുത്തനെ ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരത്ത് 73.37 ശതമാനവും, പത്തനംതിട്ടയില്‍ 74.04 ശതമാനവും, തൃശൂരില്‍77.49 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. വയനാടിന്റെ ചരിത്രത്തിലെ ഏററവും ഉയര്‍ന്ന പോളിംഗാണ് ഇക്കുറി രേഖപ്പെടുത്തിയത് 80.01 ശതമാനം. ഇത്തവണ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 70 ശതമാനം കടന്നു. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ്.


