തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ചിലര്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ‘ഈ ഓണം സന്തോഷത്തിന്റേതാകരുതേ എന്ന് ചിലരൊക്കെ വല്ലാതെ ആഗ്രഹിച്ചിരുന്നു. ഓണത്തിന് എന്തൊക്കെ ഇല്ലാതിരിക്കും എന്നതാണ് വലിയ തോതില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. ഈ കൂട്ടര്‍ക്ക് നാണം എന്നത് അടുത്തുകൂടെ പോയിട്ടില്ലന്നും’ മുഖ്യമന്ത്രി പറഞ്ഞു.
പറഞ്ഞതെല്ലാം യാഥാര്‍ത്ഥമായി മാറുന്നുവെന്നത് നമ്മുടെ നാട് നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ കാര്യത്തിലും എന്താണോ ഉണ്ടാകില്ലെന്ന് പറഞ്ഞത് അത് ഇവിടെ യാഥാര്‍ഥ്യമാകുന്നു. ബോധപൂര്‍വ്വം പ്രചാരണം നടത്തുന്നവര്‍ വിചാരിക്കുന്നത് അവരുടെ പ്രചാരണം കൊണ്ട് നാടാകെ തെറ്റിദ്ധരിക്കുമെന്നാണ്. അതാണ് പറഞ്ഞാല്‍ ഇവര്‍ കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്ന്.
അവര്‍ നടത്തിയ പ്രചരണം തള്ളിയാണ് 99 സീറ്റോടെ എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. തെറ്റായ പ്രചരണങ്ങള്‍ ജനം എങ്ങനെ തള്ളുമെന്നതിന് ഉദാഹരണമാണ് ഭരണത്തുടര്‍ച്ചയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ‘പൊതുവിതരണ ശൃംഖല വളരെ ശക്തമാണ്. 2016-ലെ അതേ വിലയ്ക്കാണ് 13 ഇനത്തില്‍പ്പെട്ട സാധനങ്ങള്‍ നല്‍കുന്നത്. സാധനങ്ങളില്ല എന്ന് പ്രചാരണം നടക്കുന്നു. നാട്ടുകാര്‍ ചെല്ലുമ്പോള്‍ സാധനങ്ങള്‍ ലഭിക്കുന്നുണ്ട്. ക്ഷേമ പെന്ഷന് കൃത്യമായി ലഭിക്കുന്നു. സംതൃപ്തമായ ഓണനാളുകളിലേക്കാണ് നാം കടക്കുന്നത്. നവകേരളം സൃഷ്ടിക്കലാണ് നമ്മുടെ ലക്ഷ്യം.
വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ ജീവിത നിലവാരത്തിലേക്കാണ് കേരളം പോകുന്നത് . ഹാപ്പിനെസ്സ് നിലനില്‍ക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റും. 25 വര്‍ഷത്തിനുള്ളില്‍ ഈ നേട്ടങ്ങള്‍ സ്വന്തമാക്കും. വലിയ പ്രചാരണങ്ങളെ നാട് എങ്ങനെ സ്വീകരിക്കും എന്നതിന്റെ ദൃഷ്ടാന്തമാണ് സര്‍ക്കാരിന്റെ തുടര്‍ച്ച’ മുഖ്യമന്ത്രി പറഞ്ഞു.