തിരുവനന്തപുരം∙ ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ അവസാന നിമിഷത്തിലേക്ക് അടുക്കുമ്പോൾ യുഡിഎഫ് നിരയിൽ ലീഡ് നില ലക്ഷം പിന്നിട്ടത് ഏഴുപേർക്ക്. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് 3,03,512ന്റെയും മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് 2,34,481 വോട്ടിന്റെയും ലീഡാണുള്ളത്.
ആറു മണ്ഡലങ്ങളിലെ ലീഡ് അര ലക്ഷവും കടന്നിട്ടുണ്ട്. അതിനിടെ സിപിഎം ലീഡ് നിലനിർത്തുന്ന ആലപ്പുഴയിൽ എ.എം.ആരിഫ് 12916 വോട്ടിനാണ് മുന്നിട്ടുനിൽക്കുന്നത്. 68.77 ശതമാനം മാത്രം വോട്ടാണ് ഇവിടെ എണ്ണിത്തീർത്തത്. തിരുവനന്തപുരത്ത് ആദ്യ മണിക്കൂറിൽ കമ്മനം രാജശേഖരൻ ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് പിന്നാക്കം പോകുകയായിരുന്നു.
പത്തനംതിട്ടയിൽ മുന്നിലെത്തിയ കെ.സുരേന്ദ്രനും ഇടയ്ക്ക് ശക്തി തെളിയിച്ചു. കേരളത്തിൽ ആകെ 20 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൊത്തം രണ്ടു കോടിയിലേറെ വോട്ടർമാർ 227 സ്ഥാനാർഥികളിൽ നിന്നാണ് 20 പേരെ തിരഞ്ഞെടുക്കുന്നത്.

