കൊച്ചി: അവധിക്കാലത്ത് അമ്മവീട്ടിലെത്തിയ പതിനൊന്നുകാരിയെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോടാലി മങ്കുഴി കുഴിക്കീശരത്ത് കൃഷ്ണകുമാറിന്റെ മകള്‍ ഹൃദ്യ (11) ആണ് മരിച്ചത്. അങ്കമാലി കറുകുറ്റി പഞ്ചായത്തിലെ നീരോലിപ്പാറ നീറുങ്ങല്‍ ആണ്ടപ്പിള്ളി പ്രദീപ് ശിവരാമന്റെ വീട്ടില്‍ ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്.കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദീപിന്റെ സഹോദരിയുടെ മകളാണ് ഹൃദ്യ.

അഞ്ചാം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്ന ഹൃദ്യ അവധിക്കാലം ചെലവിടുന്നതിനായി മാതാപിതാക്കളോടൊപ്പം വിഷുവിനാണ് അമ്മവീട്ടിലെത്തിയത്. അവിവാഹിതനായ പ്രദീപും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. ഇന്നലെ വൈകുന്നേരം ഹൃദ്യ ടിവി കണ്ടുകൊണ്ടിരിക്കെ പ്രദീപിന്റെ അമ്മ വീടിനു പുറത്ത് തുണി അലക്കികൊണ്ടിരിക്കുകയായിരുന്നു. അലക്ക് കഴിഞ്ഞ് വന്നപ്പോള്‍ ഹൃദ്യയെ കാണാതെ അന്വേഷിച്ചപ്പോള്‍ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
തുടര്‍ന്ന് ഇവര്‍ കരഞ്ഞ് ബഹളം വച്ചപ്പോള്‍ അയല്‍വാസികള്‍ സ്ഥലത്തെത്തി പ്രദീപിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു സ്ഥലത്തെത്തിയ പ്രദീപ് കുട്ടിയെ കാറില്‍ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കഴുത്തില്‍ ചുറ്റി വരഞ്ഞ നിലയില്‍ പാടുകള്‍ കണ്ടതിനെത്തുടര്‍ന്ന് സംശയം തോന്നിയ ഡോക്ടര്‍ പോലീസില്‍ വിവരം അറിയിച്ചു. റൂറല്‍ ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര് നായര്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി കുട്ടിയുടെ മാതാപിതാക്കളില്‍നിന്നും പ്രദീപില്നിന്നും മൊഴിയെടുത്തു. പ്രദീപ് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗമാണ്.


