കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്. റഡാർ സിഗ്നലുകൾ ലഭിച്ചയിടങ്ങളിൽ മണ്ണ് നീക്കി നടത്തിയ പരിശോധനയിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്താനായില്ല.സൈന്യത്തിന്റെ മേല്‍നോട്ടത്തിലാകും രക്ഷാദൗത്യം നടക്കുക. ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനങ്ങള്‍ അടക്കം ഉപയോഗിച്ചാകും പരിശോധന.അര്‍ജുനെ കാണാതായി ഏഴ് ദിവസമാകുമ്പോഴും തെരച്ചിലില്‍ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. മണ്ണ് ഇടിഞ്ഞിടത്ത് ലോറി ഇല്ലെന്ന് പൂര്‍ണമായും ഉറപ്പാക്കിയ ശേഷം മാത്രമാകും ഈ ഭാഗത്തെ പരിശോധന നിര്‍ത്തുക
അതേസമയം ലോറി പുഴയിലേക്ക് പതിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ എൻഡിആർഎഫും നാവികസേനയുടെ സ്കൂബ സംഘവും ഗംഗാവലി പുഴയിൽ ഇന്നും തെരച്ചിൽ തുടരും. ഷിരൂരിലെ രക്ഷാദൗത്യത്തിന് ഇന്നലെയാണ് സൈന്യമെത്തിയത്.ദുരന്തത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി അഭിലാഷ് ഇന്നലെ രംഗത്തെത്തിയിരുന്നു. അങ്കോളയിലെ പഞ്ചര്‍ കടയില്‍ തന്റെ വാഹനത്തിന്റെ ടയര്‍ നന്നാകുന്നതിനിടെ വലിയ ഒരു ശബ്ദം കേട്ടുവെന്നും നോക്കിയപ്പോള്‍ മണ്ണിടിച്ചിലില്‍ ഒരു ടാങ്കര്‍ ഗംഗാവലി നദിയിലേക്ക് ഒലിച്ചുപോവുന്നതായി കണ്ടുവെന്നുമാണ് അഭിലാഷ് പറഞ്ഞത്.


