കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പലിന് നേരെ വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ പത്ത് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പ്രിന്‍സിപ്പല്‍ ഫല്ഗുനന്റെ പരാതിയില്‍ ധര്‍മ്മടം പൊലീസാണ് കേസെടുത്തത്. കോളേജില്‍ എ.ബി.വി.പിയുടെ കൊടിമരം നാട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലാണ് ഭീഷണിയെന്നാണ് പരാതി.
കാമ്ബസിലെ കൊടിമരം എടുത്തുമാറ്റിയ സംഭവത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി നേരത്തേ പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു. മരണഭയമുണ്ടെന്നും പൊലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നും വ്യാഴാഴ്ച പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. കാമ്ബസിലെ എ.ബി.വി.പിയുടെ കൊടിമരം പ്രിന്‍സിപ്പല്‍ നീക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു.കൊടിമരം കാമ്ബസിന് പുറത്തെത്തിച്ച് തിരികെ നടന്നുവരുന്ന പ്രിന്‍സിപ്പാലിനെ വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നു.

