നടന് ഉല്ലാസ് പന്തളവും ഭാര്യയും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഭാര്യാപിതാവ് ശിവാനന്ദന്. മാനസികമായ എന്തെങ്കിലും അസ്വസ്ഥകാരണമാകാം മകള്‍ ആശ ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരെ പരാതിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ ആണ് നടന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീടിന്റെ ഒന്നാം നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ വീട്ടില്‍ കാണാനില്ലെന്ന് ഉല്ലാസ് അറിയിച്ചതിന് പിന്നാലെ പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് തൂങ്ങിനില്‍ക്കുന്ന നിലയില്‍ ആശയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ബന്ധുക്കളും പൊലീസും ചേര്‍ന്ന് താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഈയിടെയാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടില്‍ താമസമാക്കിയത്.
മൃതദേഹം അടൂര്‍ ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ്. ദമ്പതികള്‍ക്ക് രണ്ട് ആണ്മക്കളാണ് ഉള്ളത്. ഇന്ദുജിത്തും സൂര്യജിത്തും. വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ് ഉല്ലാസ് പന്തളം.
തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും മകളുമായി ഫോണില്‍ സംസാരിച്ചിരുന്നതായി ആശയുടെ പിതാവ് ശിവാനന്ദന് മാധ്യമങ്ങളോട് പറഞ്ഞു. ‘എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി മകള്‍ പറഞ്ഞിരുന്നില്ല. ഉല്ലാസും മകളും തമ്മില്‍ കുടുംബപ്രശ്നങ്ങളൊന്നുമില്ല. ഉല്ലാസിനെ കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്’, ഭാര്യാപിതാവ് പറഞ്ഞു.
‘ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഉല്ലാസ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. കുഞ്ഞിന്റെ പിറന്നാള്‍ അടുത്തിടെയായിരുന്നു. അന്ന് പിറന്നാള്‍ ആഘോഷം നടത്താന്‍ കഴിയാത്തതിനാല്‍ ഉല്ലാസ് നാട്ടിലെത്തിയശേഷം ജന്മദിനാഘോഷം നടത്താനുള്ള ഒരുക്കത്തില്‍ ആയിരുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയ പ്രശ്നങ്ങളൊക്കെ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളു. അതെല്ലാം അവര്‍ രാവിലെ തന്നെ പരിഹരിക്കും. ഉല്ലാസിനെതിരെ തനിക്കോ തന്റെ കുടുംബത്തിനോ ഒന്നും പറയാനില്ലെന്നും’ ഭാര്യാപിതാവ് മാധ്യമങ്ങളോട് പറഞ്ഞു.


