ഡോക്ടേഴ്സിന്റെ പ്രിസ്ക്രിപ്ഷനില്ലാതെ കൊച്ചിയില്‍ ഗര്‍ഭഛിദ്ര മരുന്നുകള്‍ സുലഭം. അപകടകരമായ ഗര്‍ഭഛിദ്ര മരുന്നുകള്‍ വിതരണം ചെയ്യുന്ന അനധികൃത മരുന്ന് ലോബി ഒളിക്യാമറയില്‍ കുടുങ്ങി. ഏജന്റുമാരെ ബന്ധപ്പെട്ടാല്‍ ഏത് പ്രായക്കാര്‍ക്കും മരുന്നുകള്‍ യഥേഷ്ടം ലഭ്യമാകും. കൃത്യമായ അനുപാതത്തില്‍ അല്ലെങ്കില്‍ രോഗികളുടെ ജീവന് പോലും അപകടത്തിലാക്കുന്ന മരുന്നുകളാണ് ഇത്തരത്തില്‍ നല്‍കുന്നതെന്നാണ് ലേക്ഷോര് ആശുപത്രിയിലെ ഗൈനകോളജി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ സ്മിത ജോയ് നല്കുന്ന മുന്നറിയിപ്പ്.
ഡോക്ടറേയും കാണേണ്ട, പ്രിസ്ക്രിപ്ഷനും വേണ്ട ഒരൊറ്റ ഫോണ്‍കോളില്‍ ഏത് മരുന്നും കിട്ടുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.ഒരു കോള്‍ അല്ലെങ്കില്‍ ഒരു മെസ്സേജ് മതി മരുന്ന് കിട്ടാന്‍. അളവ് ഒന്ന് മാറിയാല്‍ ജീവനെടുക്കുന്ന ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് പോലും ഈ കോളിന്റെ മറുതലയ്ക്കല്‍ റെഡിയെന്ന് കസ്റ്റമറെന്ന് പറഞ്ഞ് ഈ നമ്പരില്‍ വിളിച്ചപ്പോള്‍ ടീമിന് ബോധ്യമായി. മെഡിക്കല്‍ ഷോപ്പുകളില്‍ 350 രൂപയ്ക്ക് കിട്ടുന്ന മരുന്നിന് പത്തിരട്ടി വില കൊടുക്കണമെന്ന് മാത്രം. 350 രൂപയുടെ മരുന്ന് 3000 രൂപയ്ക്ക് എന്തിന് വില്ക്കുന്നുവെന്ന് പ്രതിനിധി ചോദിച്ചപ്പോള്‍ വില്‍പ്പനയെല്ലാം ബ്ലാക് മാര്‍ക്കറ്റ് വഴിയെന്നായിരുന്നു മരുന്നു ലോബിയുടെ ഉത്തരം. മരുന്നുകള്‍ ദുബായില്‍ നിന്നാണ് കൊണ്ടുവരുന്നതെന്ന് ഇവര്‍ പറഞ്ഞു.

