കൊച്ചി: മീനുകള്‍ക്കിടയില്‍ ഫൈവ് സ്റ്റാര്‍ പദവിയാണ് ഇപ്പോള്‍ മത്തിക്ക്. സംസ്ഥാനത്ത് ഒരു കിലോ മത്തിക്ക് 400 മുതല്‍ 500 രൂപ വരെയാണ് കഴിഞ്ഞ ആഴ്ചയും ഈ ആഴ്ചയുമായി വില വന്നത്.
കേരളത്തില്‍ പലയിടത്തും കഴിഞ്ഞ ആഴ്ച ഒരു കിലോ മത്തിക്ക് 400 രൂപയായിരുന്നു വില. ഈ ആഴ്ചയിലേക്ക് എത്തിയപ്പോള്‍ പലയിടത്തും അത് 500 വരെയായി.
ഒരു കിലോ മത്തി വാങ്ങിയാല്‍ പതിനാലോ പതിനഞ്ചോ എണ്ണമാണ് ലഭിക്കുക. മറ്റ് മത്സ്യങ്ങള്‍ക്ക് വലിയ വിലയുള്ളതിനാല്‍ സാധാരണക്കാര്‍ ആശ്രയിച്ചിരുന്നത് മത്തിയെയായിരുന്നു. ഹോട്ടലുകളിലും മത്തി വറുത്തതിനാണ് പണ്ട് മുതലേ ഡിമാന്‍ഡ്. എന്നാലിപ്പോള്‍ ഹോട്ടല്‍ ഉടമകള്‍ അടക്കം വലിയ പ്രതിസന്ധിയിലാണ്.
രണ്ട് കഷ്ണം മത്തി വറുത്തതിന് നേരത്തെ 40 രൂപ വരെ ഈടാക്കിയിരുന്നു. അന്ന് മീന്‍ കിലോയ്ക്ക് ഇത്ര വില ഉണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ മത്തി കിലോയ്ക്ക് 400 മുതല്‍ 500 വരെ ഈടാക്കുമ്ബോള്‍ അത് ഹോട്ടല്‍ ഉടമകളെയും തിരിച്ചടിക്കുന്നു. ചില ഹോട്ടലുകളില്‍ ഇപ്പോള്‍ ഒരു പ്ലേറ്റ് മത്തി വറുത്തതിന് 50 രൂപ വരെ ഈടാക്കുന്നുണ്ട്.
ഇറച്ചിക്കോഴി വിലയെക്കാള്‍ ഇരട്ടിയിലധികം രൂപ. മത്സ്യക്ഷാമത്തിനൊപ്പം ട്രോളിങ് നിരോധനം കൂടിയായതോടെ തൊട്ടാല്‍ പൊള്ളുന്ന വിലയാണ് വിപണിയില്‍ മത്സ്യത്തിന്. ഒരാഴ്ച മുന്‍പു കിലോയ്ക്കു 160-180 രൂപയായിരുന്നു സാധാരണക്കാരന്റെ ഇഷ്ട മത്സ്യമായ മത്തിയുടെ വില.ഒരു കിലോ അയലയ്ക്ക് 280-300 രൂപയാണ് വില്പനക്കാര് ഈടാക്കുന്നത്. കേര (തുണ്ടം)360 400, ഏരി330,350, ഓലക്കുടി370,420, മോത700, വറ്റ480 എന്നിങ്ങനെയാണു ശരാശരി വില.
മത്സ്യലഭ്യത കുറഞ്ഞതാണ് വില റോക്കറ്റ് പോലെ കുതിച്ചുയരാന്‍ കാരണമെന്ന് മീന്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നുണ്ട്. മത്സ്യലഭ്യത കുറഞ്ഞതിനൊപ്പം ട്രോളിങ് നിരോധനം കൂടി വന്നതോടെ മത്സ്യം വില്‍ക്കുന്നവര്‍ക്കും വലിയ തിരിച്ചടിയായി. മാര്‍ക്കറ്റിലെത്തുന്നവര്‍ പലപ്പോഴും വെറും കയ്യോടെയാണ് മടങ്ങുന്നതെന്നും മീന്‍ കച്ചവടക്കാര്‍ പറയുന്നു.

