തിരുവനന്തപുരം: മരിച്ച ഭാര്യ ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും മൃതദേഹങ്ങള്‍ കാണാനെത്തിയ ചന്ദ്രന്റെ നേരെ നാട്ടുകാര്‍ ശാപവര്‍ഷം ചൊരിഞ്ഞതിങ്ങനെ. ‘കൊച്ചിന്റെ കരിഞ്ഞ മുഖമൊന്നു കാണിച്ചു കൊടുക്ക് സാറേ അവന്’-. പൊള്ളലേറ്റതിനാല്‍ ശരീരങ്ങള്‍ പൊതിഞ്ഞ നിലയിലായിരുന്നു. ഇതു തുറന്ന് കുട്ടിയുടെ മുഖം കാണിച്ചുകൊടുക്കണമെന്ന് ചിലര്‍. മിനിറ്റുകള്‍ക്കുള്ളില്‍ ചന്ദ്രനെ തിരികെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് മാറ്റി. വന്‍ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. ചന്ദ്രന് ഭാര്യയുടെ മൃതദേഹത്തിനടുത്തേക്കു പോയില്ല.നൂറോളം പൊലീസുകാരുടെ അകമ്പടിയില്‍ സ്വന്തം വീടിനു മുന്നിലെത്തിയ ചന്ദ്രന് നിര്‍വികാരനായിട്ടാണു പന്തലിലേക്കെത്തിയത്. നാട്ടുകാരുടെ രോഷം ഇതോടെ അണപൊട്ടി. നിന്റെ കൊച്ചിന്റെ അവസ്ഥ കണ്ടോയെന്ന് ചോദിച്ച് പാഞ്ഞടുത്ത ചിലരെ പൊലീസ് പിന്തിരിപ്പിച്ചു.

