തൃശ്ശൂര്‍: ജില്ലയില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിച്ചു. സിറ്റി പോലീസ് കമ്മീഷണറുടെ കാര്യാലയത്തിനോട് ചേര്‍ന്നുള്ള പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിലാണ് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് പ്രവര്‍ത്തനമാരംഭിച്ചത്. ഡിജിപി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം നിര്‍വഹിച്ചു.
സംസ്ഥാനത്ത് നാല് ജില്ലകളിലാണ് സൈബര്‍ പോലീസ് സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് മറ്റ് സൈബര്‍ പോലീസ് സ്റ്റേഷനുകള്‍.
ഉദ്ഘാടനച്ചടങ്ങില്‍ നോര്‍ത്ത് സോണ്‍ എഡിജിപി ഡോക്ടര്‍ ഷെയ്ഖ് ദര്‍വേഷ് സാഹിബ് അധ്യക്ഷനായിരുന്നു. തൃശൂര്‍ റേഞ്ച് ഐജി ബലറാം ഉപാധി, സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര, റൂറല്‍ എസ് പി കെ പി വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള ഒരു എസ്ഐ അടക്കം വിദഗ്ധ പരിശീലനം നേടിയ പതിനഞ്ചോളം ഉദ്യോഗസ്ഥര്‍ അടങ്ങിയ ടീം ആണ് സൈബര്‍ പോലീസ് സ്റ്റേഷന് ഉള്ളത്. തൃശ്ശൂര്‍ പാലക്കാട് മലപ്പുറം ജില്ലകളിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ എല്ലാം കൈകാര്യം ചെയ്യുന്നത് തൃശൂര്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ ആയിരിക്കും.


