കൊല്ലം: ഇടതുഭരണത്തിനു വിരാമമിട്ട് ത്രിപുരയില്‍ അധികാരം പിടിച്ചതുപോലെ കേരളത്തിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുരയില്‍ പൂജ്യം എന്ന നിലയില്‍നിന്നാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. അതുതന്നെ കേരളത്തിലും സംഭവിക്കും.
കേരളത്തിലെ ജനത ഉണര്‍ന്നിരിക്കുന്നു. അവര്‍ ബിജെപിയെ പ്രതീക്ഷയോടെയാണു കാണുന്നത്. ഇടതുപക്ഷത്തിന്റേയും കോണ്‍ഗ്രസിന്റേയും പരിഹാസങ്ങള്‍ ബിജെപി പ്രവര്‍ത്തകരെ ബാധിക്കില്ലെന്നും കൊല്ലം കന്റോണ്‍മെന്റ് മൈതാനത്തു നടന്ന എന്‍ഡിഎ മഹാസംഗമത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ശബരിമലയില്‍ കേരള സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് ഏറ്റവും വലിയ പാപമായി ചരിത്രം രേഖപ്പെടുത്തുമെന്നും മോദി മുന്നറിയിപ്പു നല്കി. കമ്യൂണിസ്റ്റുകള്‍ വിശ്വാസങ്ങളെയും ഭാരതീയ സംസ്കാരത്തെയും ആധ്യാത്മികതയെയും അംഗീകരിക്കുന്നവരല്ല. പക്ഷേ, ഇത്രയേറെ വെറുപ്പോടെ ഇക്കാര്യത്തില്‍ അവര്‍ തീരുമാനം എടുക്കുമെന്നു കരുതിയില്ലെന്നും മോദി പറഞ്ഞു.

