തിരുവനന്തപുരം: ബാങ്കിന്റെ ജപ്തി നടപടിക്കിടെ ശരീരത്തിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശം ലേഖ (40) മരിച്ചു. ലേഖയുടെ മകൾ വൈഷ്ണവി (19) രാവിലെ മരിച്ചിരുന്നു. ഇരുവരും ഒരുമിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു സംഭവം.
തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ലേഖ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. വീടും വസ്തുവകകളും ജപ്തിയിലൂടെ നഷ്ടപ്പെടും എന്ന ആശങ്കയാണ് ഈ കടുംകൈക്ക് ഇടയാക്കിയത്. ലേഖയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
നെയ്യാറ്റിൻകര കാനറാ ബാങ്ക് ശാഖയിൽ നിന്ന് അഞ്ച് ലക്ഷം രൂപയാണ് പതിനഞ്ച് വര്‍ഷം മുൻപ് ഇവര്‍ വായ്പ എടുത്തിരുന്നത്. പലിശ സഹിതം ഇതിപ്പോൾ ആറ് ലക്ഷത്തി എൺപതിനായിരം രൂപയായിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവിന് വിദേശത്ത് ജോലിയുണ്ടായിരുന്നു. ആ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി. ജപ്തി നോട്ടീസ് ലഭിച്ചത് മുതൽ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ഭൂമി വിറ്റ് വായ്പ തിരിച്ചടക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടതോടെയാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം.


