സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. പേവിഷ പ്രതിരോധ കര്‍മ്മപദ്ധതി വിശദമായി ചര്‍ച്ച ചെയ്യും. തെരുവുനായ വന്ധ്യംകരണം, വാക്സിനേഷന് എന്നിവയില്‍ പ്രഖ്യാപിച്ച കര്‍മ്മ പദ്ധതി ഇന്ന് അവലോകനം ചെയ്യും.
തദ്ദേശ, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത യോഗമാണ് ഇന്ന് നടക്കുന്നത്. യോഗത്തില്‍ മൂന്ന് വകുപ്പുകളുടെയും മന്ത്രിമാര്‍ പങ്കെടുക്കും. തെരുവുനായ ശല്യത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി എംബി രാജേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.
തെരുവുനായ വിഷയം ഗൗരവത്തോടെ കാണുന്നെന്ന് സുപ്രീംകോടതി. തെരുവുനായ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്‍പ്പടെ നല്കിയ ഹര്‍ജികളില്‍ ഈ മാസം 28 ന് കോടതി ഇടക്കാല ഉത്തരവ് ഇറക്കും. തെരുവിലൂടെ നടക്കുന്നവരെ നായ ആക്രമിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി. വിഷയം പഠിച്ച ജസ്റ്റിസ് സിരി ജഗന് കമ്മീഷനില്‍ നിന്ന് റിപ്പോര്‍ട്ട് തേടാനും കോടതി തീരുമാനിച്ചു.

