തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി രണ്ടരലക്ഷത്തോളം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഒരായുസ്സ് കൊണ്ട് സമ്പാദിച്ചതൊക്കെയും നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ അഭയം പ്രാപിച്ചവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കപ്പെടുമ്പോള്‍ വ്യത്യസ്തമായൊരു തീരുമാനത്തിലൂടെ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുകയാണ് ആദി ബാലസുധ എന്ന കോഴിക്കോട് സ്വദേശി. സ്വന്തം സ്കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയാണ് ആദി മാതൃകയായത്. എന്നാല്‍ ആദിയുടെ നന്മ ഇതാദ്യമായല്ല പുറത്തറിയുന്നത്, കഴിഞ്ഞ പ്രളയത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1000 രൂപ സംഭാവന നല്‍കിയതിന്റെ സ്ക്രീന്‍ഷോട്ട് അയച്ചുകൊടുക്കുന്നവരുടെ ചിത്രം അദ്ദേഹം സൗജന്യമായി വരച്ചു നല്‍കിയിരുന്നു.
സ്കൂട്ടര്‍ വില്‍ക്കാനുള്ള തീരുമാനത്തെ കുറിച്ച് ആദി ബാലസുധ ….
ഒരു മാസത്തോളം നീണ്ട ആശുപത്രിവാസത്തിന് ശേഷം വീട്ടിലെത്തിയപ്പോഴാണ് മഴക്കെടുതി സംസ്ഥാനത്ത് നാശം വിതച്ചത്. കയ്യില്‍ കരുതിയിരുന്ന പണം ചികിത്സയ്ക്കും മറ്റുമായി ചെലവായി. ദിവസവും 1000 രൂപയോളം ആശുപത്രിയില്‍ വേണ്ടിവന്നു. മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കൈവശം സഹായിക്കാനുള്ള പണമില്ലായിരുന്നു. അങ്ങനെയാണ് സെക്കന് ഹാന്‍ഡ് സ്കൂട്ടര്‍ വില്‍ക്കാമെന്ന് തീരുമാനിക്കുന്നത്. അയല്‍വാസിയും ബന്ധുവുമായ ആള്‍ക്ക് സ്കൂട്ടര്‍ വിറ്റു. എന്റെ അവസ്ഥ മനസ്സിലാക്കിയ അദ്ദേഹം 40,000 രൂപ സ്കൂട്ടറിന്റെ വിലയായി നല്കി. അതില്‍ നിന്നും 25,000 രൂപയണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. മുഴുവന്‍ തുകയും കൊടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കയ്യില്‍ ചെലവിന് പോലും പണമില്ലാത്തത് കൊണ്ട് ബാക്കി തുക വീട്ടിലെ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുകയായിരുന്നു- ആദി പറഞ്ഞു.


