പാലക്കാട്: പാലക്കാട് അട്ടപ്പാടി കരുവാര ഉന്നതിയിൽ കുട്ടികൾ മരിച്ച സംഭവത്തില്‍ പ്രാഥമിക പോസ്റ്റ് മോർട്ടം വിവരങ്ങൾ പുറത്ത്. നാലുവയസുകാരൻ അജിനേഷിന് തലക്കും നെഞ്ചിലും ഗുരുതര പരിക്കേറ്റു. മരിച്ച ഏഴുവയസുകാരൻ ആദിക്ക് വലത് തുടയെല്ലിനും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. തുടയെല്ലിലെ മുറിവിലെ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. നാലുവയസുകാരൻ അജിനേഷിന് തലക്കും നെഞ്ചിലുമാണ് ഗുരുതര പരിക്കേറ്റത്. കുട്ടിയെ വൈകിയെത്തിച്ചത് മരണത്തിലേക്ക് നയിച്ചെന്ന് കോട്ടത്തറ ആശുപത്രി അധികൃതർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആദിയെ ആശുപത്രിയിലെത്തിക്കുമ്പോഴും ചെറിയ അനക്കമുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. തുടയെല്ലിലെ പൊട്ടൽ കാരണം ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റും മുമ്പെ മരിച്ചിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.
കുട്ടികളെ പുറത്തെടുക്കുമ്പോള്‍ അവര്‍ക്ക് അനക്കമുണ്ടായിരുന്നുവെന്നും വണ്ടി കിട്ടാന്‍ വൈകിയെന്നുമാണ് നിറകണ്ണുകളോടെ ദേവി പറയുന്നത്. കുഞ്ഞുങ്ങള്‍ ആ സമയത്തൊക്കെയും സംസാരിക്കാനായി വായനക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് വണ്ടി കിട്ടിയിരുന്നെങ്കില്‍ ഒരു പക്ഷേ അവര്‍ രക്ഷപ്പെട്ടേനെയെന്ന് അമ്മ പറഞ്ഞു. അതേസമയം അപകടത്തിന് കാരണം ഐടിഡിപിയുടെ അനാസ്ഥയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അട്ടപ്പാടിയില്‍ എണ്ണൂറോളം വീടുകളാണ് ഇങ്ങനെ പാതി പണി മാത്രം കഴിഞ്ഞ് കിടക്കുന്നതെന്നും അപകടം സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.


