ശമ്പള വർധനയും ബോണസ് വർധനയും അംഗീകരിച്ചതോടെ എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്ലിംഗ് കരാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. വിമാനത്താവളത്തിൽ സംയുക്ത സമര സമിതിയുടെ നേതൃത്തിൽ നടത്തി വന്ന സമരമാണ് ഒത്തുതീർത്തത്. ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് തീരുമാനം. ശമ്പള വർധനവും ബോണസും ആവശ്യപ്പെട്ട് നടത്തിയ സമരം റീജിയണൽ ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പായത്. ഇന്നലെ രാത്രി മുതലാണ് 450 ഓളം എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാർ പണിമുടക്കിയത്.
സെൻട്രൽ ലേബർ കമ്മീഷണരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ അദാനി, എയർ ഇന്ത്യ സാറ്റ്സ് മാനേജ്മെന്റ പ്രതിനിധികൾ, യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുത്തു. സമരം അന്താരാഷ്ട്ര സർവീസുകളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. മിക്ക വിമാനങ്ങളും ഒരു മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. ലഗേജ് ക്ലീറൻസിനായി പലർക്കും രണ്ടു മണിക്കൂർ വരെ കാത്തിരിക്കേണ്ടി വന്നു. വിമാനത്താവളത്തിലെ പണിമുടക്ക് യാത്രക്കാരെയും ബാധിച്ചു. ബെംഗളൂരു – തിരുവനന്തപുരം വിമാനത്തിലെ യാത്രക്കാർക്ക് 40 മിനുറ്റിന് ശേഷമാണ് പുറത്തിറങ്ങാനായത്. എന്നാൽ വിമാനങ്ങളൊന്നും റദ്ദാക്കിയില്ല.
തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ഇന്ത്യാ സാറ്റ്സ് കരാർ തൊഴിലാളികളുടെ സമരം വിദേശ സർവീസുകൾ ഇന്ന് വൈകിപ്പിച്ചു. കാർഗോ നീക്കത്തിലും വൻ പ്രതിസന്ധിയാണ് നേരിട്ടത്. വിദേശത്തേക്കുള്ള വിമാനങ്ങളിൽ കയറ്റി അയക്കേണ്ടിയിരുന്ന 20 ടൺ ഭക്ഷ്യവസ്തുക്കളോളം കെട്ടിക്കിടന്നതോടെയാണ് പ്രതിസന്ധിയായത്.


