ബൈക്കിൽ തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ച് അഭ്യാസം നടത്തിയ യുവാവിനെ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി കിരൺ ജ്യോതി എന്ന യുവാവാണ് ബൈക്ക് ഓടിച്ചത്. ഇയാളുടെ പിതാവിന്റെ പേരിലുള്ളതാണ് ബൈക്ക്.യാത്ര നടത്തിയ യുവാവിനെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ആർടിഒ. തിരുവനന്തപുരം സ്വദേശി കിരൺ ജ്യോതിക്കെതിരെയാണ് കേസ്.
ചെന്നൈയിൽ പഠിക്കുന്ന യുവാവിനോടും പിതാവിനോടും വ്യാഴാഴ്ച ആർ.ടി.ഒക്ക് മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.ഇടപ്പള്ളി – കളമശേരി റോഡിൽ രണ്ട് ദിവസം മുമ്പായിരുന്നു രൂപമാറ്റം വരുത്തിയ ബൈക്കുമായി യുവാവിന്റെ യാത്ര. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എൻഫോഴ്സ്മെന്റ് ആർടിഒ ബൈക്ക് കണ്ടെത്തി. വലിയ ശബ്ദത്തിലുള്ള സൈലൻസറിൽനിന്ന് തീനാളങ്ങൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നു. പിന്നിൽ സഞ്ചരിച്ച കാർ യാത്രക്കാരൻ ദൃശ്യം പകർത്തിയതോടെയാണ് വിഷയം അധികൃതരുടെ ശ്രദ്ധയിൽ പതിഞ്ഞതും കേസെടുക്കുന്നതിലേക്ക് നയിച്ചതും.


