പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സി.ജെ യേശുദാസന് അന്തരിച്ചു. 83 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. ആലപ്പുഴ മാവേലിക്കര ഭരണിക്കാവ് സ്വദേശിയായ യേശുദാസന് കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപക അധ്യക്ഷനാണ്. ലളിതകലാ അക്കാദമി ഉപാധ്യക്ഷനായിരുന്നു.
രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ കുലപതി എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള അദ്ദേഹം ആറു പതിറ്റാണ്ടിലേറെയായി രാജ്യത്തെ എണ്ണം പറഞ്ഞ കാര്‍ട്ടൂണിസ്റ്റുകളിലൊരാളാണ്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക ചെയര്‍മാനും കേരള ലളിതകലാ അക്കാദമിയുടെ മുന്‍ പ്രസിഡന്റുമാണ്.
വിവിധ മുഖ്യധാരാ മാധ്യമങ്ങളില്‍ കാര്‍ട്ടൂണിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശങ്കേഴ്സ് വീക്കിലി, ജനയുഗം, പൗരധ്വനി, അസാധു എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. മലയാള പത്രത്തിലെ ആദ്യ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റാണ് യേശുദാസ്. കേരളത്തിലെ ആദ്യ പോക്കറ്റ് കാര്‍ട്ടൂണിന്റെ രചയിതാവാണ്. മലയാള മനോരമയില്‍ 23 വര്‍ഷം സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജനയുഗം ആഴ്ചപതിപ്പിലെ ‘ചന്തു’ എന്ന കാര്‍ട്ടൂണ്‍ പരമ്പരയാണ് ആദ്യ കാര്‍ട്ടൂണ്‍ പംക്തി. മെട്രോ വാര്‍ത്ത, ദേശാഭിമാനി എന്നീ പത്രങ്ങളിലും കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കിട്ടുമ്മാവന്, മിസിസ് നായര്‍, പൊന്നമ്മ സൂപ്രണ്ട് തുടങ്ങിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സൃഷ്ടാവാണ്. അടിയന്തരാവസ്ഥക്കാലത്ത് ‘അസാധു’ എന്ന പേരില്‍ സ്വന്തമായി പ്രസിദ്ധീകരണം ആരംഭിച്ചു.
അരനൂറ്റാണ്ടിലേറെയായി മാധ്യമ രംഗത്ത് സജീവമായി നിന്ന യേശുദാസന് പഞ്ചവടിപ്പാലം സിനിമയുടെ സംഭാഷണവും രചിച്ചിട്ടുണ്ട്. 1992ല്‍ എ.ടി അബു സംവിധാനം ചെയ്ത ‘എന്റെ പൊന്നുതമ്പുരാന്’ ചിത്രത്തിന് തിരക്കഥ രചിച്ചിട്ടുണ്ട്. വരയിലെ നായനാര്‍, വരയിലെ ലീഡര്‍, അണിയറ, പ്രഥമദൃഷ്ടി തുടങ്ങിയ കൃതികളുടെ രചയിതാവാണ് സി.ജെ യേശുദാസന്.
ആലപ്പുഴ ജില്ലയില്‍ മാവേലിക്കരയ്ക്കടുത്ത് ഭരണിക്കാവില്‍ കുന്നേല്‍ ചക്കാലേത്ത് ജോണ്‍ മത്തായിയുടെയും മറിയാമ്മ (ആച്ചിയമ്മ)യുടെയും മകനായി 1938 ജൂണ്‍ 12 നാണ് സി.ജെ. യേശുദാസന് ജനിച്ചത്. ഭരണിക്കാവ്, ഇടപ്പള്ളി, മാവേലിക്കര എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യഭ്യാസം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നിന്ന് ഗണിത ശാസ്ത്രത്തില്‍ ബിരുദം. 1955 ല്‍ കോട്ടയത്തു നിന്നു പ്രസിദ്ധീകരിച്ച ഒരു മാസികയിലായിരുന്നു ആദ്യ കാര്‍ട്ടൂണ്‍.


