കണ്ണൂർ വിമാനത്താവളത്തിൽ സുരക്ഷാഭീഷണിയായ മയിലുകളെ പിടികൂടി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും. വനം മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.വിമാനത്താവളത്തിലെ റൺവേയിലാണ് മയിലുകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്.മട്ടന്നൂർ മൂർഖൻ പറമ്പിലെ കുന്നിൻ മുകളിലാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമുള്ളത്. വിമാനങ്ങൾ റൺവേയിൽ ഇറങ്ങുന്ന സമയത്തും പറന്നുയരുന്ന സമയത്തും മയിലുകൾ റൺവേയിലേക്ക് കൂട്ടത്തോടെയെത്തുന്നതാണ് അപകട ഭീഷണി ഉയർത്തുന്നത്.
മയിലുകളെത്തുന്നത് പതിവായതോടെയാണ് അവയെ ഒഴിവാക്കുന്നത് എങ്ങനെയെന്ന് ആലോചന തുടങ്ങിയത്. ഷെഡ്യൂൾ ഒന്നിൽപ്പെട്ട ജീവിയായതിനാൽ പ്രത്യേക അനുമതി വേണം. അങ്ങനെയാണ് വനം മന്ത്രി തന്നെ യോഗം വിളിച്ചത്. മയിലുകളെ പിടികൂടി മാറ്റാൻ മന്ത്രിതല യോഗത്തിൽ തീരുമാനമായി. വിമാനത്താവളത്തിലെ പുൽത്തകിടികൾ വെട്ടാനും പ്രത്യേകം ജീവനക്കാരെ നിയമിക്കും. പ്രത്യേക കൂടുകൾ സ്ഥാപിച്ച് മയിലുകളെ പിടികൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള തീരുമാനം എടുത്തതായാണ് വിവരം.


