തൃശ്ശൂര്‍: ലോക്ഡൗണും നിയമങ്ങളുടെ കാരണം പലതവണ മാറ്റിവെച്ച വിവാഹത്തിന് ഒടുവില്‍ ഹൈക്കോടതി തുണയായി. നിയമങ്ങളും ചട്ടങ്ങളും മനുഷ്യർക്ക് വേണ്ടിയാണെന്ന കാഴ്ചപ്പാടു സ്വീകരിച്ച ഹൈക്കോടതി 100 വര്‍ഷം നിലനിന്ന വിവാഹച്ചട്ടങ്ങളുടെ പിന്‍ബലത്തില്‍ വധൂവരന്മാര്ക്ക് അനുമതി നല്കി. കുട്ടനെല്ലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം. വരന് ആമസോണ്‍ കമ്പിനി ഉദ്യോഗസ്ഥനയ ഡെന്നീസ് ജോസഫും വധു ദന്തഡോക്ടറായ ബെഫി ജീസണ്‍.
1920-ലെ കൊച്ചിന് ക്രിസ്ത്യന്‍ സിവില്‍ മാര്യേജ് ആക്ട് തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ ക്രിസ്ത്യാനികള്‍ക്കുമാത്രം ബാധകമായതാണ്.
ഡെന്നിസ് -ബെഫി വിവാഹം ഇരുവീട്ടുകാരും ആദ്യം ഉറപ്പിച്ചത് 2019 മേയ് 19നാണ്. 2020 മേയ് അഞ്ചിന് വിവാഹം നടത്താനായിരുന്നു തീരുമാനം. തുടർന്ന് ഡെന്നീസ് കേരളത്തിലെത്തിയെങ്കിലും ലോക്ഡൗണ്‍ കാരണം കല്യാണം നടന്നില്ല. അതോടെ 2021 മേയ് അഞ്ചിന് പുതിയ തീയതി കുറിച്ച് പിരിഞ്ഞു. മേയ് ആദ്യം വീണ്ടും ഡെന്നീസ് എത്തിയെങ്കിലും വീണ്ടും അത് തന്നെ ആവർത്തിച്ചു.
രജിസ്റ്റര്വിവാഹത്തിന് അപേക്ഷ നല്‍കുകയും എന്നാൽ ഒരുമാസം മുൻപ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ നോട്ടീസ് നല്‍കണമെന്ന നിയമം തടസ്സമായതിനെ തുടർന്ന് വീണ്ടും കല്യാണം നടക്കില്ല എന്ന വിഷമത്തിലായി. ജൂണ്‍ അഞ്ചിന് മടക്കയാത്രക്കുള്ള ടിക്കറ്റ് ബുക്കുചെയ്തിരിക്കുകയായിരുന്നു ഇതിനിടെ പ്രത്യേക വിവാഹച്ചട്ടത്തെക്കുറിച്ച് അറിയുകയും തുടർനടപടി സ്വീകരിക്കുകയും ചെയ്തത്.
മേയ് 25-ന് ആര്.ഡി.ഒ യ്ക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്കി. പിന്നാലെ ഹൈക്കോടതിയെയും സമീപിച്ചു. പിന്നെയുംതടസ്സം. ഈ വിവാഹച്ചട്ടപ്രകാരം ഓണ്‍ലൈനിലൂടെ അപേക്ഷ സ്വീകരിക്കില്ല. നേരിട്ട് അപേക്ഷ നല്‍കിയശേഷം സമീപിക്കാന്‍ കോടതി ഉത്തരവിട്ടു. മേയ് 31-ന് ആര്.ഡി.ഒ യുടെ ഓഫീസില്‍ അപേക്ഷ നല്കി. സബ് രജിസ്ട്രാര്‍ ഓഫീസിലും അപേക്ഷ നല്കാന് ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ജൂണ്‍ ഒന്നിനാണ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ നല്‍കാനായത്. അതിനാല്‍ ജൂണ്‍ ഏഴിനേ വിവാഹം നടത്താനാകൂ. ഇതു ചൂണ്ടിക്കാണിച്ച് നല്കിയ ഹര്‍ജിയിലാണ് വെള്ളിയാഴ്ച പത്തരയ്ക്ക് രേഖകളെല്ലാം സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിക്കാനും അന്നുതന്നെ വിവാഹം നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാനും ജസ്റ്റിസ് എന്‍. നഗരേഷ് ഉത്തരവിട്ടത്.

