മലയാള സാഹിത്യചരിത്രത്തിലെ ഇതിഹാസ കൃതിയാണ് എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലില്‍ ഭീമനാണ് കേന്ദ്രകഥാപാത്രം. നോവലിന്റെ ചലച്ചിത്ര ഭാഷ്യത്തിനായി സിനിമാപ്രേമികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. കന്നഡ താരം ഋഷഭ് ഷെട്ടി രണ്ടാമൂഴം സംവിധാനം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകൾ പുരോഗമിക്കുകയാണ്. എം.ടി തന്നെ താൽപര്യം പ്രകടിപ്പിക്കുകയും ഋഷഭ് ഷെട്ടിയുമായി സംസാരിക്കാൻ ആദ്യപടി സ്വീകരിക്കുകയും ചെയ്തുവെന്ന് മനോരമ ഓൺലൈന്റെ റിപ്പോര്‍ട്ടിൽ പറയുന്നു. ഈ വര്‍ഷം തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


