കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി. കോവിഡ് പ്രതിരോധത്തിലെ വന്‍ വീഴ്ചകള്‍ക്ക് ഇപ്പോള്‍ വില നല്‍കുകയാണ് കേരളം. സണ്‍ഡെ സംവാദ് പരിപാടിയില്‍ ആണ് ഡോ. ഹര്‍ഷ് വര്‍ധന്റെ രൂക്ഷവിമര്‍ശനം.
കൊവിഡിന്റെ സാഹചര്യങ്ങളെക്കുറിച്ച് ഉള്‍പ്പെടെ കേന്ദ്രമന്ത്രി വിശദീകരിക്കുന്ന പരിപാടിയാണ് ‘സണ്‍ഡേ സംവാദ്’. ഇതില്‍ ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുനന്തിനിടെയാണ് കേന്ദ്രമന്ത്രി കേരളത്തെ വിമര്‍ശിച്ചത്. സംസ്ഥാനം വരുത്തിയ ചില വീഴ്ചകളാണ് കൊവിഡ് വ്യാപനത്തിന് കാരണമായതെന്ന് ഹര്ഷവര്ധന് പറഞ്ഞു. തുടക്കത്തില്‍ രോഗത്തെ പിടിച്ചു നിര്‍ത്തിയ ശേഷമാണ് ഇപ്പോഴത്തെ വ്യാപനം. ഇതിന് സംസ്ഥാനം വലിയ വില നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇതിന് ശേഷം കരുതലോടെയാണ് സംസ്ഥാനം നീങ്ങിയത്. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായി. ഒക്ടോബറില്‍ കൊവിഡ് കേസുകള്‍ ആദ്യമായി പതിനായിരം കടന്നു. ഇന്നലെയും സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിന് അടുത്തെത്തിയിരുന്നു.


