ഗുജറാത്തിൽ ചന്ദിപുര വൈറസ് രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി. 29 പേര് ഇപ്പോൾ ചികിത്സയിലാണ്. മരണസാധ്യത കൂടുതലുള്ള വൈറസുകളാണ് ചന്ദിപുര വൈറസ്. കഴിഞ്ഞ പതിനഞ്ചുദിവസത്തിനിടെ മാത്രം ഒമ്പത് കുട്ടികളാണ് വൈറസ് ബാധയേറ്റ് മരിച്ചിരിക്കുന്നത്. നിലവിൽ പതിനാലോളം കുട്ടികൾ ചന്ദിപുര വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ചന്ദിപുര വൈറസ് ആണ് മരണകാരണമാകുന്നത് എന്നതാണ് ആരോഗ്യവിഭാഗത്തിന്റെ പ്രാഥമികനിഗമനം. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന വിദഗ്ധ പരിശോധനയ്ക്കുശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകൂ.
51,725 പേരെ സ്ക്രീന്‍ ടെസ്റ്റ് ചെയ്തെന്ന് ഗുജറാത്ത് സര്‍ക്കാർ അറിയിച്ചു. വൈറസിനെ പ്രതിരോധക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഗുജറാത്തിൽ എല്ലാ ജില്ലയിലും ജാഗ്രത നിര്‍ദേശം നൽകിയിരിക്കുകയാണ്.ഇതിനിടെ മോട്ടാ കാന്താരിയ ഗ്രാമത്തിൽനിന്നുള്ള നാലുവയസ്സുകാരിയുടെ മരണത്തിന് കാരണമായത് ചാന്ദിപുര വൈറസ് ആണെന്ന് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു.മഹാരാഷ്ട്രയിലെ ചന്ദിപ്പുര ഗ്രാമത്തിൽ ആദ്യമായി കണ്ടെത്തിയ വൈറസായതിനാലാണ് ഇത്തരത്തിലൊരു പേര് വന്നത്. കടുത്ത പനി, വയറു വേദന, ഛർദ്ദി എന്നിവയാണ് രോഗലക്ഷണങ്ങൾ. മണൽ ഈച്ചയുടെ കടി ഏൽക്കുന്നതിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. കുട്ടികളെയാണ് ഇവ കൂടുതലായും ബാധിക്കുക.


