ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 2.5 ലക്ഷം കടന്നു. 2,56,611 കൊവിഡ് ബാധിതരാണ് നിലവിൽ രാജ്യത്തുള്ളത്. വെറും അഞ്ച് ദിവസം കൊണ്ടാണ് രാജ്യത്തെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 2 ലക്ഷത്തിൽ നിന്ന് 2.5 ലക്ഷത്തിലേക്കെത്തിയത് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
ഇന്നലെ മാത്രം 9,983 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 206 കൊവിഡ് മരണങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മരണസംഖ്യ 7000 കടന്നു. 125,381 പേരാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്. 1.24 ലക്ഷം പേർ രോഗവിമുക്തരായിട്ടുണ്ട് എന്നത് ആശ്വാസകരമാണ്.
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന മഹാരാഷ്ട്രയിൽ ഇന്നലെ മൂവായിരത്തിലേറെ (3,007) കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത് രണ്ടാം തവണയാണ് മഹാരാഷ്ട്രയിൽ മൂവായിരത്തിലേറെ കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. മുംബൈയിൽ മാത്രം ഇന്നലെ 1,420 കേസുകൾ റിപ്പോർട്ട് ചെയ്തു.)


