സീരിയലുകളിലൂടെ പ്രേക്ഷക മനസ്സില്‍ ചേക്കേറിയ താരമാണ് ശരണ്യ. കുറച്ചു നാളുകളായി അസുഖം ബാധിച്ച് ചികിത്സയിലാണ് താരം. ചികിത്സാ ധനസഹായത്തിനായി അഭ്യര്‍ത്ഥിച്ച് ശരണ്യയുടെ സുഹൃത്തും നടിയുമായ സീമ ജി. നായര്‍ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഈ വിവരം പുറത്തറിഞ്ഞത്. ഇതിനു പിന്നാലെ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്ബിലില് ശരണ്യയുടെ ചികിത്സയ്ക്കായി 24 ലക്ഷം രൂപ സമാഹരിച്ചു നല്‍കിയതായി സീമ വ്യക്തമാക്കിയിരിക്കുകയാണ്.
ദൈവം അദ്ദേഹത്തിന്റെ പ്രതിപുരുഷനായി ഭൂമിയിലേയ്ക്കു അയച്ച വ്യക്തിയാണ് ഫിറോസെന്നും ശരണ്യയുടെ ജീവിതത്തെ കരംപിടിച്ചുയര്ത്തുന്നതിന് തനിക്കൊപ്പം കൂടെ നിന്ന ഫിറോസിനും മറ്റുളളവര്‍ക്കും ഒരുപാട് നന്ദിയുണ്ടെന്നും സീമ ഫെയ്സ്ബുക്ക് ലൈവിലുടെ പറഞ്ഞു.
‘ശരണ്യയുടെ ഒന്‍പത് ഓപ്പറേഷനുകള്‍ കഴിഞ്ഞു. ബ്രെയ്ന്‍ ട്യൂമിന്റേതായി ഏഴെണ്ണവും തൈറോയിഡ് കാന്‍സറുമായി ബന്ധപ്പെട്ട് രണ്ട് ഓപ്പറേഷനുകളും. ഒരു ഡോക്ടര്‍മാരും അസുഖം പൂര്‍ണമായി ഭേദമാക്കി തരാമെന്ന് വാക്ക് തന്നിട്ടില്ല. അതുകൊണ്ട് തന്നെ ശരണ്യയുടെ ചികിത്സ പൂര്‍ണമായിട്ടില്ല, ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതിന് എത്ര ലക്ഷം രൂപയാകുമെന്നും ഞങ്ങള്‍ക്ക് അറിയില്ല.
ശരണ്യയ്ക്ക് സ്വന്തമായി കിടപ്പാടം ഇല്ല. ഇതെല്ലാം സാധിക്കാന്‍ ഒരുപാട് കടമ്ബകള്‍ ഉണ്ട്. ഫിറോസിന്റെ വിഡിയോ വന്നതിനു ശേഷം ഒരുപാട് ആളുകള്‍ അന്വേഷിച്ച് വിളിച്ചിരുന്നു. ശരണ്യയുടെ അക്കൗണ്ട് ഇതുവരെയും ക്ലോസ് ചെയ്തിട്ടില്ല. നൂറ് രൂപയായാലും ഇരുന്നൂറ് രൂപയായാലും നമ്മളാല്‍ കഴിയുന്ന രീതിയില്‍ അവളെ സഹായിക്കണം. എല്ലാവര്ക്കും ഫോണില്‍ മറുപടി പറഞ്ഞു തീരാത്തതുകൊണ്ടാണ് വിഡിയോയില്‍ ലൈവ് വന്നത്. ഒരിക്കല്‍ കൂടി ഫിറോസിന് നന്ദി’ എന്നാണ് സീമ വീഡിയോയില്‍ പറയുന്നത്.


