ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ ഹരമായി മാറിയ നടിയായിരുന്നു സോണിയ അഗര്‍വാള്‍. തെലുങ്ക് സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. ധനുഷ് ചിത്രമായ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സോണിയ കോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രം തമിഴിലെ പ്രമുഖ സംവിധായകനായ സെല്വരാഘവനോടൊപ്പമായിരുന്നു.

തമിഴിലെ ആദ്യം ചിത്രം തന്നെ താരത്തിന്റെ കരിയറില്‍ വന്‍ ഹിറ്റായിരുന്നു സമ്മാനിച്ചത്. കൂടാതെ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിന്റെ പ്രകടനത്തില്‍ അവാര്‍ഡും ലഭിച്ചിരുന്നു. പിന്നീട് 2012 വരെ തമിഴില്‍ സജീവമായിരുന്നു താരം. എന്നാല്‍ കരിയര്‍ ഗ്രാഫ് വന്‍ മുന്നേറ്റമായിരുന്നുവെങ്കിലും ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. സംവിധായകന് സെല്‍വരാഘവനുമായുള്ള പ്രണയത്തെ കുറിച്ചും കരിയര്‍ മാറ്റി മറിച്ചതിനെ കുറിച്ചും വര്‍ഷങ്ങള്‍ക്ക് ശേഷം നടി വെളിപ്പെടുത്തുകയാണ്. സെല്വരാഘവന് കര്‍കശക്കാരനായ അധ്യാപകനെന്നാണ് സോണിയ വിശേഷിപ്പിക്കുന്നത്.


