തിരുവനന്തപുരം: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുന്നവർക്ക് പരിശീലനത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിക്കുന്നതിനുമായി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മോക് ടെസ്റ്റ് നടത്തുന്നു. മെയ് മൂന്നിന് നടക്കേണ്ടിയിരുന്ന നീറ്റ് പ്രവേശന പരീക്ഷ ലോക്ഡൗൺ മൂലം അനിശ്ചിതമായി മാറ്റിവച്ചിരിക്കുകയാണ്. സാധാരണഗതിയിൽ ഈ സമയത്തിനുള്ളിൽ പലതവണ മാതൃകാപരീക്ഷകൾ നടക്കേണ്ടതാണ്. എന്നാൽ ഇത്തവണ അതും നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എഫ്ഐ യൂണിറ്റിന്റെ നേതൃത്വത്തിൽ മാതൃകാപരീക്ഷ നടത്താൻ തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൂറുരൂപയില്‍ കുറയാതെ സംഭാവന നൽകുന്നവർക്ക് പ്രവേശന പരീക്ഷയിൽ പങ്കെടുക്കാം. സംഭാവന നൽകുമ്പോൾ ലഭിക്കുന്ന സർട്ടിഫിക്കറ്റും ട്രാൻസാക്ഷൻ ഐഡിയും 7356224735 എന്ന വാട്സാപ്പ് നമ്പറിൽ അയച്ചുകൊടുക്കുക. ഏപ്രില്‍ 28നുശേഷം നല്കിയ സംഭാവനകള്‍ മാത്രമേ രജിസ്ട്രേഷനായി പരിഗണിക്കുകയുള്ളു. മെയ് 10 വരെ ഇപ്രകാരം പേര് രജിസ്റ്റർ ചെയ്യാം.
ഓൺലൈൻ മാതൃകാ പരീക്ഷയ്ക്കായി പ്രത്യേകം വെബ്സൈറ്റിന് രൂപംകൊടുത്തിട്ടുണ്ട്. ഈ വെബ്സൈറ്റിലൂടെ മെയ് 13നാണ് പരീക്ഷ നടത്തുക. സംഘാടകർ നൽകുന്ന യൂസർ നെയിമും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പരീക്ഷ എഴുതാം. രാവിലെ 9.30 മുതൽ മൂന്നു മണിക്കൂറാണ് പരീക്ഷാസമയം. 180 ചോദ്യങ്ങളുണ്ടാകും. ഒരു ചോദ്യത്തിന് ഉത്തരം നൽകിയശേഷം അടുത്ത ചോദ്യത്തിലേക്ക് പോകാനാകും വിധത്തിലാണ് പരീക്ഷ സജ്ജീകരിക്കുന്നത്. മൂന്നു മണിക്കൂർ കഴിഞ്ഞാൽ പിന്നീട് ഉത്തരം നൽകാനാകില്ല. എൻട്രൻസ് പരീക്ഷയുടെ അതേ മാതൃകയിലായിരിക്കും പരീക്ഷ നടത്തുക. പരീക്ഷ എഴുതുന്ന എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. വിദ്യാര്‍ഥികളുടെ റാങ്കുവിവരങ്ങള് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ചോദ്യങ്ങള്‍ തയ്യാറാക്കുന്നതും മൂല്യനിർണയം നടത്തുന്നതുമെല്ലാം നീറ്റ് പരീക്ഷയിലൂടെ ഉയർന്ന റാങ്ക് നേടി മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ച വിദ്യാർഥികളായിരിക്കും. https://www.facebook.com/catalystexam/ എന്ന ഫെയ്സ് ബുക്ക് പേജിലൂടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്കു തയ്യാറെടുക്കാനുള്ള പരീശീലനവും ഇവര്‍ നല്‍കുമെന്ന് എസ്എഫ്ഐ മെഡിക്കൽ കോളജ് യൂണിറ്റ് പ്രസിഡന്റ് അസ്ലം സാഗറും സെക്രട്ടറി ആഷിന് ആനന്ദും പറഞ്ഞു.


