മൂവാറ്റുപുഴ: അക്കാദമിക് രംഗത്തും കലാരംഗത്തും മികച്ച നിലവാരം പുലര്‍ത്തുന്ന തൃക്കളത്തൂര്‍ ഗവണ്മെന്റ് എല്‍ പി ബി സ്കൂളില്‍ ചിത്രകലയോടു കൂടിയ കമാനവും കുട്ടികളുടെ പാര്‍ക്കും ഒരുങ്ങുന്നു. കുട്ടികളുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള സ്ലൈഡ്, ഊഞ്ഞാല്, മെര്‍ജ് റൗണ്ട്, ഫ്രൂട്ട് ബഞ്ച്, സീസോ തുടങ്ങിയ കളി ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തിയും ആകര്‍ഷകമായ ചിത്ര കലയോട് കൂടിയ പെയിന്റിങ്ങും കൂടാതെ ആരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള കമാനമാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പായിപ്ര ഗ്രാമപഞ്ചായത്തില്‍ നിന്നും അനുവദിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് പാര്‍ക്കും കമാനവും നിര്‍മ്മിക്കുന്നത്.
പാര്‍ക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനം പായിപ്രഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര് പി എ സലിം,പിടിഎ പ്രസിഡന്റ് പ്രജീഷ് പി എസ്, അധ്യാപകരായ ബീന കെ മാത്യു,ജിഷ, നിഷമോള്, ഭാഗ്യലക്ഷ്മി, കമ്മിറ്റി അംഗമായ ജോര്‍ജ്, സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 10 ലക്ഷം രൂപ മുടക്കി അത്യാധുനിക രീതിയിലുള്ള ടോയ്ലറ്റ് കോപ്ലക്സിന്റെ നിര്‍മ്മാണവും നടന്ന് വരുന്നു. മോഡേണ്‍ ഫര്ണിച്ചറുകളോട് കൂടിയ ഹൈടെക് ഇ ലൈബ്രറിയും സ്കൂളില്‍ സജ്ജമാക്കിയിട്ടുണ്ട്. പുതിയ പാര്‍ക്ക് സജ്ജമാക്കി ആഘോഷമായി
പ്രവേശനോത്സവത്തോടുകൂടി പുതിയ അക്കാദമിക വര്‍ഷത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് കുട്ടികളും രക്ഷിതാക്കളും.


