ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തെ 500 ഓളം ജില്ലകളില്‍ ട്രാക്ടര്‍ പരേഡ് നടത്തുമെന്ന് സംയുക്ത കിസാൻ മോര്‍ച്ച (എസ്കെഎം) അറിയിച്ചു.ദേശീയ തലസ്ഥാനത്ത് ഔപചാരിക റിപ്പബ്ലിക് ദിന പരേഡിന്റെ സമാപനത്തിന് ശേഷമാകും ട്രാക്ടര്‍ പരേഡ് നടത്തുക.പരേഡില്‍ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നുവെന്നും സംയുക്ത കിസാൻ മോര്‍ച്ച അറിയിച്ചു. പരേഡില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ സംഘടനകളുടെ പതാകകള്‍ക്കൊപ്പം ദേശീയ പതാകയും ഉയര്‍ത്തും.
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യം, ഫെഡറലിസം, മതേതരത്വം, സോഷ്യലിസം എന്നീ തത്വങ്ങള്‍ സംരക്ഷിക്കുമെന്ന് കര്‍ഷകര്‍ പ്രതിജ്ഞയെടുക്കും. ട്രാക്ടറുകള്‍ക്കൊപ്പം മറ്റ് വാഹനങ്ങളും മോട്ടോര്‍ സൈക്കിളുകളും പരേഡില്‍ ചേരും.
വര്‍ഗീയവും ജാതിപരവുമായ ധ്രുവീകരണത്തിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന കോര്‍പ്പറേറ്റ്-വര്‍ഗീയ അവിശുദ്ധ കൂട്ടുകെട്ട് ഇല്ലാതാക്കാനുള്ള പ്രചാരണം നടത്താനും പരേഡ് വിജയിപ്പിക്കാൻ സംയുക്ത കിസാൻ മോര്‍ച്ച ഇന്ത്യയിലുടനീളമുള്ള കര്‍ഷകരോട് ആഹ്വാനം ചെയ്തു.
2021 ജനുവരി 26 ന്, കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക യൂണിയനുകള്‍ വിളിച്ചുചേര്‍ത്ത ട്രാക്ടര്‍ റാലിയില്‍ പ്രതിഷേധിച്ച ആയിരക്കണക്കിന് കര്‍ഷകര്‍ പോലീസുമായി ഏറ്റുമുട്ടിയത് വലയി വാര്‍ത്തയായിരുന്നു.


