വയനാട്: വയനാട്ടില്‍ പനി ബാധിച്ച് മൂന്നു വയസ്സുകാരന് മരിച്ചു. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന് ലിഭിജിത്ത് ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി കുട്ടിക്ക് കടുത്ത പനിയും വയറിളക്കവുമുണ്ടായിരുന്നു. പനി മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
ആശുപത്രിയിലെത്തും മുന്നേതന്നെ മരിച്ചതിനാല്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കൊണ്ടുപോയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്കായിരിക്കും പനി മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുക. അതിനിടെ മരിച്ച കുട്ടിയുടെ സഹോദരനും പനി ലക്ഷണങ്ങളോടെ ഇന്ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പനി ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കുട്ടിയാണ് ജില്ലയില്‍ പനി ബാധിച്ച് മരിക്കുന്നത്.


