മുന്‍ കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക്ദള്‍ നേതാവുമായ ചൗധരി അജിത് സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ 20നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിംഗിന്റെ മകനാണ് അജിത് സിംഗ്. 1986ല്‍ രാജ്യസഭാംഗമായ അജിത് സിംഗ് ഏഴ് തവണ ഉത്തര്‍പ്രദേശിലെ ബാഗ്പത് മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വി.പി. സിംഗ് സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായും നരസിംഹ റാവു മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയുമായിരുന്നു.
പിന്നീട് ആര്‍എല്‍ഡി രൂപീകരിച്ചതിന് ശേഷം 2001ല്‍ വാജ്പേയ് മന്ത്രിസഭയില്‍ കൃഷിമന്ത്രിയുമായി. 2003 വരെ എന്‍ഡിഎയില്‍ പ്രവര്‍ത്തിച്ചു. രണ്ടാം യുപിഎ സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയായിരുന്നു. മകനും മുന്‍ എംപിയുമായ ജയന്ത് ചൗധരിയാണ് മരണവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

