ഗുജറാത്ത് കലാപക്കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന കേസില്‍ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് സുപ്രിംകോടതിയുടെ ഇടക്കാല ജാമ്യം. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
ഉപാധികളോടെയാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണം. കേസ് ഹൈക്കോടതി പരിഗണിക്കുന്നവതു വരെ പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം തുടങ്ങിയ ഉപാധികളാണ് വച്ചിട്ടുള്ളത്.
എന്നാല്‍, ടീസ്റ്റയ്ക്ക് ജാമ്യം നല്‍കരുതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, ഇത്രയും ദിവസം കസ്റ്റഡിയിലെടുത്തിട്ട് ടീസ്റ്റയില്‍ നിന്ന് എന്ത് തെളിവ് കിട്ടിയെന്ന് കോടതി ചോദിച്ചു. ടീസ്റ്റ അന്വേഷണത്തോട് സഹരിക്കുന്നില്ലെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ മറുപടി നല്‍കിയത്.
ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ടീസ്റ്റ സുപ്രിംകോടതിയിലെത്തിയത്. ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്രമോദി അടക്കമുള്ളവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് ടീസ്റ്റ സെതല്‍വാദ്, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആര്.ബി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരായ കേസ്.


