ഇംഫാല്‍: മണിപ്പൂരില്‍ സമാധാനത്തിനായി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഒരുക്കൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മണിപ്പൂരില്‍ രണ്ട് യുവതികളെ ബലാത്സംഗം ചെയ്ത് നഗ്നരാക്കി നടത്തിയ ദൃശ്യങ്ങളിന്മേല്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
കേസില്‍ സ്വീകരിച്ച നടപടികള്‍ ഇന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. കേസ് സിബിഐയ്ക്ക് കൈമാറിയെന്നും മണിപ്പൂരിന് പുറത്ത് വിചാരണ നടത്താനുള്ള ശുപാര്‍ശയും കോടതിയെ ഇന്ന് അറിയിക്കും. സമാധാനത്തിനായി സ്വീകരിച്ച നടപടികളും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിക്കും.
ഹര്‍ജികള്‍ ജൂലൈ 28ന് വാദം കേള്‍ക്കേണ്ടതായിരുന്നു എന്നാല്‍ ചീഫ് ജസ്റ്റിസിന് ആരോഗ്യ പ്രശ്നങ്ങള്‍ കാരണം മാറ്റിവെക്കുകയായിരുന്നു. കേസ് സിബിഐക്ക് കൈമാറണമെന്ന് ശുപാര്‍ശ നല്‍കിയെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ആറ് മാസത്തിനുളളില്‍ വിചാരണ പൂര്‍ത്തിയാക്കണം. ഇതിന് സുപ്രീംകോടതി അനുവദിക്കണം. കേസിന്റെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്നും കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു.


