മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേളയുടെ തെലുങ്ക് അടക്കമുള്ള അന്യഭാഷാ റീമേക്കുകള്‍ വിലക്കി എറണാകുളം ജില്ലാ കോടതി. സിനിമയുടെ സഹ എഴുത്തുകാരനായ സുദാസ് നല്കിയ ഹര്‍ജിയിലാണ് കോടതി വിധി.
സുദാസും നിഖില്‍ വാഹിദും മുസ്തഫയും ചേര്‍ന്നാണ് കപ്പേളയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എന്നാല്‍ സുദാസ് അടക്കമുള്ള തിരക്കഥാകൃത്തുക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ മറ്റ് ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യാനുള്ള നീക്കങ്ങള്‍ സംവിധായകനും നിര്‍മാതാവും ചേര്‍ന്ന് നടത്തിയതോടെയാണ് സുദാസ് കോടതിയെ സമീപിക്കുന്നത്.
കപ്പേളയുടെ മലയാളം പതിപ്പിന്റെ ചിത്രീകരണത്തിന് മുന്‍പ് തന്നെ സുദാസ് അടക്കമുള്ള തിരക്കഥാകൃത്തുക്കളും സിനിമയുടെ അണിയറ പ്രവര്‍ത്തകരും തമ്മിലുള്ള ധാരണാപത്രം സംബന്ധിച്ച് അവ്യക്തതകളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു. മറ്റൊരു ധാരണാ പത്രം തയാറാക്കി നല്‍കാം എന്ന് സംവിധായകന് പറഞ്ഞതല്ലാതെ തുടര്‍ന്ന് നടപടികളൊന്നും ഉണ്ടായില്ല.
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതോടെ സിനിമാ പോസ്റ്ററുകളില്‍ നിന്നുള്‍പ്പെടെ തിരക്കഥാകൃത്തിന്റെ സ്ഥാനത്ത് നിന്ന് സുദാസിന്റെ പേര് അണിയറ പ്രവര്‍ത്തകര്‍ ഒഴിവാക്കി. ഇത് ചോദ്യം ചെയ്തുവെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല.
ഒടുവില്‍ ചിത്രം അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുമ്പോള്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട പണമോ അവകാശങ്ങളോ ചിത്രത്തിന്റെ സംവിധായകന് അടക്കമുള്ള അണിയറ പ്രവര്ത്തകന് നല്കാന് തയാറാകാത്തതിനെ തുടര്‍ന്നാണ് സുദാസ് കോടതിയെ സമീപിച്ചത്. ഈ കേസിലാണ് സുദാസിന് അനുകൂലമായി വിധി വന്നിരിക്കുന്നത്.


