കൊച്ചി: നടന് ക്യാപ്റ്റന്‍ രാജു (68) അന്തരിച്ചു. പരുക്കന്‍ വില്ലന്‍ റോളുകളിലൂടെ രംഗത്തെത്തി സ്വഭാവ വേഷങ്ങളിലൂടെ മലയാളസിനിമയില്‍ ഇടം നേടിയ നടനാണ് ക്യാപ്റ്റന്‍ രാജു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. സംവിധായകന്, സീരിയല്‍ നടന് തുടങ്ങിയ നിലകളിലും പ്രേക്ഷകര്‍ക്കു പരിചിതനാണ്. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, ഇംഗ്ലിഷ് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലൈയില്‍ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ ചികിത്സയിലായിരുന്നു. പിന്നീടു കൊച്ചിയിലെത്തിച്ചു. ഭാര്യയും മകനുമൊത്തു കൊച്ചിയില്‍നിന്നു ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെ മസ്തിഷ്കാഘാതം ഉണ്ടായതിനെത്തുടര്‍ന്നു മസ്കത്തില് അടിയന്തരമായി വിമാനമിറക്കിയാണു ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1950 ജൂണ്‍ 27-ന് കെ.ജി.ഡാനിയലിന്റെയും അന്നമ്മയുടെയും ഏഴു മക്കളില്‍ ഒരാളായി ജനനം. ഓമല്ലൂര്‍ സര്‍ക്കാര്‍ യുപി സ്കൂളില്‍ അധ്യാപകരായിരുന്നു മാതാപിതാക്കള്‍. ഓമല്ലൂര്‍ യുപി സ്കൂളിലും എന്‍എസ്എസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്നു പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍നിന്നു സുവോളജി ബിരുദം നേടിയ രാജു, 21-ാം വയസില്‍ ഇന്ത്യന്‍ സൈന്യത്തില്‍ കമ്മിഷന്‍ഡ് ഓഫിസറായി ജോലിയില്‍ പ്രവേശിച്ചു.
പട്ടാളത്തില്‍നിന്നു വിരമിച്ച ശേഷം കുറച്ചുകാലം മുംബൈയിലെ ‘ലക്ഷ്മി സ്റ്റാര്‍ച്ച്’ എന്ന കമ്പനിയിലും ജോലി ചെയ്തിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്നതിനിടെ പ്രതിഭാ തിയറ്റേഴ്സ് ഉള്‍പ്പെടെ മുംബൈയിലെ അമച്വര്‍ നാടക ട്രൂപ്പുകളില്‍ ക്യാപ്റ്റന്‍ രാജു സഹകരിച്ചിരുന്നു. പിന്നീടാണു ചലച്ചിത്രരംഗത്തേയ്ക്കു കടന്നത്. ഭാര്യ: പ്രമീള. രവിരാജ് ഏക മകന്.


